കോഴിക്കോട് > കോഴിക്കോട‌് ഗവ. മെഡിക്കൽ കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എസ്‌എഫ്‌ഐ പ്രചരണം ശ്രദ്ധ നേടുന്നു. എസ‌്എഫ‌്ഐ നേതൃത്വത്തിലുള്ള പാനലും ഇൻഡിപെൻഡൻസ് എന്ന പേരിലുള്ള ‘മഴവിൽ സഖ്യ’വും തമ്മിലാണ് മത്സരം. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി ലദീദ റയ്യയുടെ നേതൃത്വത്തിലാണ് എസ്‌എഫ്‌ഐ വാശിയേറിയ തെരഞ്ഞെടുപ്പ‌് പോരാട്ടത്തിനിറങ്ങുന്നത്. ചെയർപേഴ്‌സൺ സ്ഥാനാർഥിയായ ലദീദയ്‌ക്കു പുറമേ നാല് പെൺകുട്ടികൾ കൂടി ഉൾപ്പെടുന്നതാണ് 9 അംഗ എസ്‌എഫ്‌ഐ പാനൽ. 21നാണ് തെരഞ്ഞെടുപ്പ്.
എസ്‌എഫ്‌ഐ പ്രചരണത്തിലെ ‘മുന്നേറാൻ സമയമായ്’, ‘Let Ladeeda Lead’ എന്നീ സ്ലോഗനുകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ എസ്‌എഫ്‌ഐ പ്രചരണം ഏറ്റെടുത്ത് രംഗത്തെത്തി. കുറച്ചുകാലമായി എസ്‌എഫ്‌ഐ ഒഴികെ മറ്റ് വിദ്യാർഥി സംഘടനകളുടെയെല്ലാം പിന്തുണയുള്ള ഇൻഡിപെൻഡൻസ് യൂണിയനാണ‌് മെഡിക്കൽ കോളേജ‌് യൂണിയൻ ഭരിക്കുന്നത‌്. ക്യാമ്പസുകളിൽ വേരുറപ്പിക്കുന്ന അരാഷ്‌ട്രീയതയും വർഗീയതയും ഇൻഡിപെൻഡൻസ് യൂണിയനുകളുടെ കാലത്തെ പോരായ‌്മകളുമെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു. വിദ്യാർത്ഥികൾക്കൊപ്പം നിന്ന‌് എസ‌്എഫ‌്ഐ നടത്തിയ ഇടപെടലുകൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന ആത്മവിശ്വാത്തിലാണ് പ്രവർത്തകർ.

ചെയർപേഴ്സൺ സ്ഥാനാർത്ഥി മൂന്നാംവർഷ എംബിബിഎസ‌് വിദ്യാർത്ഥിനി ലദീദ റയ്യയാണ‌്. വേങ്ങര സ്വദേശിയാണ‌്. വൈസ‌് ചെയർമാൻ സ്ഥാനത്തേക്ക‌് ആദർശ‌് സുരേഷും ലേഡി വൈസ‌് ചെയർപേഴ‌്സൺ സ്ഥാനത്തേക്ക‌് എസ‌് ശ്രീലക്ഷ‌്മിയും മത്സരിക്കുന്നു. നീലേശ്വരം സ്വദേശിയും മൂന്നാം വർഷ എംബിബിഎസ‌് വിദ്യാർത്ഥിയുമായ കെ വി ആദർശാണ‌് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി. ജോയിന്റ‌് സെക്രട്ടറിയായി ഗായത്രി പ്രദോഷും യുയുസിയായി നിർമൽ കൃഷ‌്ണനും മത്സരിക്കുന്നു. എൻ എം ശ്രുതിയാണ‌് ഫൈൻആർട‌്സ‌് സെക്രട്ടറി സ്ഥാനാർത്ഥി. ഫഹദ‌് റഷീസ‌് മാഗസിൻ എഡിറ്ററായും ജനറൽ ക്യാപ‌്റ്റനായി പി അയനയും രംഗത്തുണ്ട‌്.
കൃത്യമായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കുക എന്നതു തന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് ചെയർപേഴ്‌സൺ സ്ഥാനാർഥി ലദീദ റയ്യ പറയുന്നു. പുരുഷമേധാവിത്വ ചിന്തകളുള്ളവരും മതമൗലികവാദികളും എല്ലാം ഉള്ള ക്യാമ്പസ് തന്നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജും. ഒരു സ്ത്രീ നേതൃത്വത്തിലേക്കു വരുന്നതിനെ ഇവര്‍ അസഹിഷ്ണുതയോടെ കണ്ടാല്‍ അത്ഭുതപ്പെടാനില്ല. മെഡിക്കല്‍ കോളജുകൾ പൊതുവേ അരാഷ്ട്രീയ ഇടങ്ങളാണെന്ന ചിന്താഗതിയും മാറണം. പഠിച്ചിറങ്ങുന്നതോടെ രാഷ്‌ട്രീയ പ്രശ്‌നങ്ങൾ എല്ലാം നേരിടുന്ന സമൂഹത്തിൽ തന്നെയാണല്ലോ ഡോക്ടര്‍മാർക്കും പ്രവർത്തിക്കേണ്ടിവരിക. അതുകൊണ്ട് ക്യാമ്പസ് മാത്രം രാഷ്‌ട്രീയ മുക്തമായിരിക്കണമെന്ന വാദങ്ങളിൽ കഴമ്പില്ല.‐ ലദീദ പറഞ്ഞു.
വിവിധ സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നു വരുന്ന പെൺകുട്ടികൾ നേതൃത്വത്തിലേക്കെത്തുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ വലിയ ചർച്ചാവിഷയമാക്കുന്നത്. മുസ്ലീം ലീഗ് ശക്തി കേന്ദ്രമായ വേങ്ങരയിൽ നിന്നുള്ള ലദീദയുടെ സ്ഥാനാർഥിത്വം തന്നെയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. പൊതുവേ ആൺകുട്ടികൾ മാത്രം മത്സരിക്കാറുള്ള ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇത്തവണ എസ്‌എഫ്‌ഐ സ്ഥാനാർഥിയായി മത്സരിക്കുന്നത് അയന എന്ന പെണ്‍കുട്ടിയാണ്. മൈതാനങ്ങൾ ആൺകുട്ടികൾക്കുള്ളതാണെന്ന ‘പൊതുധാരണ’യെ തിരുത്തുന്നതാണ് ഈ സ്ഥാനാർഥിത്വം. മറ്റൊരു പ്രധാന സീറ്റായ ഫൈൻആർട‌്സ‌് സെക്രട്ടറി സ്ഥാനത്തേക്ക് എൻ എം ശ്രുതിയും മത്സരിക്കുന്നു. വെള്ളിയാഴ‌്ച രാവിലെ പത്തു മുതൽ ഒരു മണിവരെയാണ‌് തെരഞ്ഞെടുപ്പ‌്. 1900 വിദ്യാർത്ഥികൾ വോട്ടർമാരാണ‌്.
from Kerala || Deshabhimani Online News https://ift.tt/2Cg3DMJ
via IFTTT
No comments:
Post a Comment