കൊച്ചി > 2017 ജൂണ്‍ 17ന് ഒരു വലിയ ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്‍ സുരേഷ് ഗോപി കളമശേരി ഏലൂര്‍ കണ്ടൂര്‍കാട് ഉണ്ണിയമ്മയുടെ വീട്ടിലേക്ക് കയറി വരുന്നു. നേരെ വീടിനകത്തേക്ക്. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പ്രദേശിക ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍. തോട്ടുവരമ്പത്തു കൂടെയുള്ള അപകടകരമായ വഴി മാറ്റിപ്പണിയണം, വെള്ളം കിനിയുള്ള വീടിനകം കോണ്‍ക്രീറ്റ് ഇട്ട് ടൈല്‍ വിരിക്കണം, അടുക്കളയുടെ തറയില്‍ മൂന്ന് കല്ലുവെച്ചുണ്ടാക്കിയ അടുപ്പ് മാറ്റി സ്ലാബിടണം, ഗ്യാസ് ലഭ്യമാക്കണം, പ്രവര്‍ത്തകര്‍ എല്ലാം ഏറ്റു. ഉണ്ണിയമ്മയുടെ മകള്‍ ചിത്രയോട് മിടുക്കിയായി പഠിക്കണം എല്ലാറ്റിനും ഞങ്ങളൊക്കെയുണ്ട് കൂടെ എന്ന് കൂടി പറഞ്ഞായിരുന്ന ആ 'വലിയ' നടന്‍ തിരിച്ചു പോയത്.
ഏലൂര്‍ നഗരസഭ 18-ാം വാര്‍ഡിലെ പത്തേലക്കാടിലാണ് പരേതനായ കുണ്ടൂര്‍കാട് കുമാരന്റെ ഭാര്യ ഉണ്ണിയമ്മയും മകള്‍ ചിത്രയും താമസിക്കുന്നത്. വൃദ്ധയായ ഉണ്ണിയമ്മ തൊഴിലുറപ്പ് ജോലിക്ക് പോയാണ് ഇരുവരും കഴിയുന്നത്. ചിത്ര ഗിറ്റാര്‍, വയലിന്‍, കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യും. പ്രളയത്തിന് മുമ്പ് വരെ കുട്ടികളെ പഠിപ്പിക്കാറുമുണ്ടായിരുന്നു. പ്രൈവറ്റായി ബി എ എക്കണോമിക്‌സ് പഠിക്കുന്നുമുണ്ട്. എസ് സി വിഭാഗത്തില്‍ പെട്ട കുടുംബം പരിതാപകരമായ സ്ഥിതിയിലാണ് കഴിയുന്നത്.
ചിത്ര ഓര്‍ക്കുന്നു. തലേദിവസം വൈകിട്ടാണ് ബിജെപിക്കാര്‍ വന്ന് പറയുന്നത് സുരേഷ് ഗോപി നാളെ വീട്ടില്‍ വരുമെന്ന്. അദ്ദേഹം വലിയ ധര്‍മ്മിഷ്ഠനാണ്; വലിയ സഹായങ്ങള്‍ നല്‍കുന്നയാള്‍. ബിജെപിക്കാര്‍ തന്നെ നാട്ടിലൊക്കെ പറഞ്ഞ് ആയിരങ്ങളാണ് അന്ന് ഈ വീടിന് ചുറ്റും തടിച്ചുകൂടിയത്. അവരുടെ മുന്നില്‍ വെച്ച് അപമാനിച്ച പോലെയായി. നാറാണത്ത് അമ്പലത്തിലെ പുന:പ്രതിഷ്ഠയോടനുബന്ധിച്ചാണ് സുരേഷ് ഗോപി ഏലൂരിലെത്തിയത്.
ഞങ്ങളാരും ആരോടും സഹായം ആവശ്യപ്പെട്ടിരുന്നില്ല. വെറുതെ നാട്ടുകാര്‍ക്ക് പറഞ്ഞത് ചിരിക്കാന്‍ ഒരു വഴിയായി. സുരേഷ് ഗോപി ഞങ്ങളെ ദത്തെടുത്തു എന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ഇത് പറയുമ്പോള്‍ ചിത്രക്ക് ദുഖവും അമര്‍ഷവുമായിരുന്നു. സുരേഷ് ഗോപി വന്നു പോയതിന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ബിജെപി മണ്ഡലം ഭാരവാഹി സുനില്‍ വന്ന് റോഡില്‍ നിന്ന് വീട്ടിലേക്കുള്ള നടപ്പാത അളക്കുകയും ചെയ്തതോടെ ഉണ്ണിയമ്മയും ചിത്രയും കരുതി എല്ലാം നന്നായി വരികയാണെന്ന്.
ഇതിനിടയില്‍ സുരേഷ് ഗോപി പത്ത് ലക്ഷം രൂപ തങ്ങളുടെ വീടിന്റെ പണിക്കായി ബിജെപി നേതാക്കളെ ഏല്‍പ്പിച്ചാണ് പോയതെന്നും ആളുകള്‍ പറഞ്ഞ് അറിയാനിടയായി. ഏതായാലും ഒന്നര വര്‍ഷമായിട്ടും പിന്നീട് സുരേഷ് ഗോപിയോ ബിജെപി ക്കാരൊ ഇവരെ തിരിഞ്ഞ് നോക്കിയട്ടില്ല. സുരേഷ് ഗോപി ഇപ്പോഴും ഉണ്ണിയമ്മയെ ഓര്‍ക്കുന്നുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
സുരേഷ് ഗോപി വാഗ്ദാനം പാലിക്കുമെന്ന് വിശ്വസിച്ച് ഏലൂര്‍ നഗരസഭയില്‍ നിന്ന് വീട് അറ്റകുറ്റപ്പണിക്ക് അനുവദിച്ച തുക കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്തില്ല. ഇത്തിരി നന്നായി ചെയ്യാമെന്ന് അവര്‍ പറഞ്ഞതല്ലെ അതുകൊണ്ട് വേണ്ടെന്ന് വെച്ചു. എന്നാല്‍ ഈ വര്‍ഷവും ഏലൂര്‍ നഗരസഭയുടെ സഹായവുമായി കൗണ്‍സിലര്‍ സിജി ബാബു മുന്നോട്ടുവന്നിട്ടുണ്ട്. എഗ്രിമെന്റ് വെച്ച് പണി തുടങ്ങണം. അതിനുള്ള ശ്രമത്തിലാണ് ഉണ്ണിയമ്മയും മകള്‍ ചിത്രയും.
from Kerala || Deshabhimani Online News http://bit.ly/2T9ZWO3
via IFTTT
No comments:
Post a Comment