തിരുവനന്തപുരം
പ്രളയകാലത്തെ അതിജീവിച്ച് തൊഴിലുറപ്പ് പദ്ധതിയിലും ലക്ഷ്യംമറികടന്ന് കേരളം. മാർച്ച് 31നകം 5.5 ലക്ഷം തൊഴിൽദിനം സൃഷ്ടിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. എന്നാൽ, ഇത് മറികടന്ന് 5.88 കോടി തൊഴിൽദിനം സംസ്ഥാനം സൃഷ്ടിച്ചു. കേന്ദ്രം അംഗീകരിച്ച ലേബർ ബജറ്റിന്റെ 106 ശതമാനം വരുമിത്. തൊട്ടടുത്ത തമിഴ്നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ യഥാക്രമം 62, 87, 85 ശതമാനം തൊഴിൽദിനങ്ങളെ പൂർത്തിയായുള്ളൂ. ബിജെപി ഭരിക്കുന്ന യുപിയാകട്ടെ 73 ശതമാനമാണ് തൊഴിലുറപ്പ് ലക്ഷ്യം കൈവരിച്ചത്. കേരളം വർഷം ഒരുകോടി തൊഴിൽദിനം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ, മാർച്ച് 31നകം ഒമ്പതുകോടി തൊഴിൽദിനം കടക്കും. ഈ നേട്ടത്തിനിടയിലും കേന്ദ്രഅവഗണനമൂലം 430 കോടിയുടെ വേതനകുടിശ്ശിക തൊഴിലാളികൾക്ക് നൽകാനുണ്ട്.
നിലവിൽ 13.44 ലക്ഷം കുടുംബങ്ങളാണ് ഈ സാമ്പത്തിക വർഷം പദ്ധതിയിൽ പങ്കെടുത്തത്. തൊഴിലാളികളുടെ എണ്ണം 15.17 ലക്ഷം. സൃഷ്ടിച്ച തൊഴിൽദിനങ്ങളിൽ 90.36 ശതമാനവും ലഭിച്ചത് സ്ത്രീകൾക്കാണ്. ദേശീയതലത്തിൽ 236.41 കോടി തൊഴിൽദിനങ്ങളാണ് കേന്ദ്രത്തിന്റെ ലേബർ ബജറ്റ്. ഇതിൽ 5.5 കോടി തൊഴിൽദിനങ്ങളാണ് കേരളത്തിനായി അനുവദിച്ചത്. ഇതാണിപ്പോൾ മറികടന്നത്.
എൽഡിഎഫ് സർക്കാർ വന്നശേഷം ഓരോ വർഷവും തൊഴിൽദിനങ്ങളിൽ വലിയ വർധനയാണുള്ളത്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലമായ 2014–-15ൽ 77.32 ശതമാനവും 2015–-16ൽ 100.04 ശതമാനവുമായിരുന്നു തൊഴിൽദിനങ്ങൾ. എന്നാൽ, 2016–-17ൽ ഇത് 113.5 ശതമാനവും 2017–-18ൽ 137 ശതമാനവുമായി വർധിച്ചു. ഈ സാമ്പത്തിക വർഷം 150 ശതമാനം കടക്കും.
അതേ സമയം, മികച്ചരീതിയിൽ പദ്ധതി കേരളത്തിൽ നടക്കുമ്പോഴും വേതനം അനുവദിക്കുന്നതിൽ കേന്ദ്രം അവഗണന തുടരുകയാണ്.
നേരത്തെ 768 കോടിരൂപ കുടിശ്ശികയുണ്ടായിരുന്നിടത്ത് സർക്കാരിന്റെയും മന്ത്രി എ സി മൊയ്തീനിന്റെയും നിരന്തര ഇടപെടലിനെത്തുടർന്ന് ഡിസംബർ ആറിന് 508 കോടിരൂപ അനുവദിച്ചു. ഇതോടെ 268 കോടിരൂപ കുടിശ്ശികയായി. തുടർന്നുള്ള ദിവസങ്ങളുടേതുകൂടി കൂട്ടി നിലവിൽ 430 കോടിരൂപയാണ് കുടിശ്ശിക. ഈ പണവും ഉടൻ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്. 2016–-17 ൽ സ്ഥിരമായി വേതനകുടിശ്ശിക വന്നതോടെ നിയമസഭ ഐക്യകണ്ഠേനെ പ്രമേയം പാസാക്കിയിരുന്നു.
അധിക തൊഴിൽദിനം അനുവദിക്കാതെ കേന്ദ്രം
പ്രളയം നേരിട്ട കേരളത്തിന് അധിക തൊഴിൽദിനം അനുവദിക്കണമെന്ന തൊഴിലുറപ്പ് ചട്ടം കാറ്റിൽപ്പറത്തി കേന്ദ്രം. 100 തൊഴിൽദിനമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. എന്നാൽ, തൊഴിലുറപ്പ് പദ്ധതി നിയമപ്രകാരം പ്രകൃതിദുരന്തം ബാധിച്ച സംസ്ഥാനങ്ങൾക്ക് 50 ദിവസം അധിക തൊഴിൽദിനം ലഭിക്കണം. എന്നാൽ, കേരളം ആവശ്യപ്പെട്ടിട്ടുംഅനുവദിച്ചിട്ടില്ല. അതേസമയം, ഗുജറാത്തിലെ 35 ബ്ലോക്കിൽ 50 ശതമാനം അധിക തൊഴിൽദിനം അനുവദിച്ചു. കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും പട്ടികവർഗത്തിൽപെട്ട കുടുംബങ്ങൾക്ക് 100 അധിക തൊഴിൽദിനം സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. ഇതുവരെ 108 കുടുംബങ്ങൾ 200 ദിവസം പൂർത്തിയാക്കി.
from Kerala || Deshabhimani Online News http://bit.ly/2rQ4k9q
via IFTTT
No comments:
Post a Comment