ഇ വാർത്ത | evartha
റോഡരികില്‍ നിന്ന് 2 ലക്ഷം രൂപ കളഞ്ഞ് കിട്ടിയിട്ടും മനസ്സ് ചാഞ്ചാടിയില്ല; ഉടമയ്ക്ക് തന്നെ തിരികെ നല്‍കി; സോഷ്യല്‍ മീഡിയയില്‍ ഹീറോ ആയി കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരന്‍

കഴിഞ്ഞ മാസം 30നാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആര്‍. സുരേഷ്‌കുമാറിന് 2 ലക്ഷം രൂപ കളഞ്ഞ് കിട്ടിയത്. കൊല്ലത്തെ ജ്വല്ലറിയില്‍ നിന്ന് ഭാര്യ സ്മിതയുടെ സ്വര്‍ണാഭരണം മാറ്റി വാങ്ങിയ ശേഷം ഇരുവരും ഇറങ്ങി നടന്നുവരുമ്പോഴാണ് റോഡരികില്‍ റബര്‍ ബാന്‍ഡിട്ടു കെട്ടിയ 2000 രൂപയുടെ 100 നോട്ടുകള്‍ മടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
സ്വര്‍ണാഭരണം വാങ്ങാനെത്തിയ ആരുടെയെങ്കിലും ആകാമെന്നു കരുതി ഉടന്‍ തന്നെ പണം അദ്ദേഹം സമീപത്തെ ജ്വല്ലറിയില്‍ ഏല്‍പിച്ചു. ഇതിനിടയിലാണ് നഷ്ടമായ പണം അന്വേഷിച്ച് വിഷമിച്ചു നടന്ന യഥാര്‍ഥ അവകാശി ചവറ തെക്കുംഭാഗം തോലുകടവ് തേരുവിളമുക്ക് ബംഗ്ലാവില്‍ ബാലചന്ദ്രന്‍പിള്ള ജ്വല്ലറിയിലെത്തുന്നത്.
മകളുടെ വിവാഹത്തിന് സ്വര്‍ണമെടുക്കാന്‍ ബാലചന്ദ്രന്‍പിള്ള സ്വരുക്കൂട്ടിവച്ച തുകയായിരുന്നു അത്. നഷ്ടപ്പെട്ട മുഴുവന്‍ പണവും ഒരു പൊലീസുകാരന്‍ ഏല്‍പിച്ചു മടങ്ങിയ വിവരം ജ്വല്ലറിയിലുള്ളവര്‍ അദ്ദേഹത്തെ അറിയിച്ചു. പണം വാങ്ങിയ ബാലചന്ദ്രന്‍പിള്ള സുരേഷ്‌കുമാറിനെ നേരിട്ടുകണ്ട് നന്ദി അറിയിച്ച് മകള്‍ പാര്‍വതിയുടെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു.
കഴിഞ്ഞ 2നായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പക്ഷേ സുരേഷ്‌കുമാറിന് കഴിഞ്ഞില്ല. നഷ്ടമായ തുക ആ കുടുംബത്തിന് വേഗം തന്നെ തിരികെ ലഭിക്കാന്‍ താന്‍ നിമിത്തമായത് അയ്യപ്പന്റെ കടാക്ഷമായാണ് കാണുന്നതെന്ന് പമ്പയില്‍ ഗാര്‍ഡ് റൂമിനു സമീപം ഇപ്പോള്‍ ജോലി ചെയ്യുന്ന സുരേഷ്‌കുമാര്‍ പറയുന്നു. അതുകൊണ്ടാണ് പമ്പയില്‍ തന്നെ തീര്‍ഥാടക സേവനത്തിന് താന്‍ നിയോഗിക്കപ്പെട്ടതെന്നും അദ്ദേഹം വിശ്വസിക്കുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BYcORH
via IFTTT
No comments:
Post a Comment