ശബരിമല
സന്നിധാനത്ത് തീർഥാടകരുടെ തിരക്ക് വർധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. നവംബർ 17 മുതൽ ഡിസംബർ നാലുവരെ 2,31,486 തീർഥാടകരാണ് ദേവസ്വംബോർഡിന്റെ അന്നദാനത്തിൽ പങ്കെടുത്തത്. ഇടവേളകളോടെ 24 മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്. രാവിലെ ഏഴുമുതൽ പകൽ 11 വരെയാണ് പ്രഭാതഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് വിഭവങ്ങൾ. 12 മുതൽ മൂന്നുവരെയാണ് ഉച്ചഭക്ഷണം. ചോറ്, സാമ്പാർ, അവിയൽ എന്നിവയാണ് വിഭവങ്ങൾ. കഞ്ഞി, ചെറുപയർ, അച്ചാർ ഉൾപ്പെടെയുള്ള രാത്രി ഭക്ഷണം ഏഴുമുതൽ 11 വരെയാണ്. രാത്രി 12 മുതൽ വെളുപ്പിന് അഞ്ചുവരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയടങ്ങിയ ലഘുഭക്ഷണം വിതരണംചെയ്യുന്നുണ്ട്.
പൂർണമായും അത്യാധുനിക സംവിധാനങ്ങളോടെയുള്ള പാചക സംവിധാനങ്ങളാണ് അന്നദാനമണ്ഡപത്തിൽ ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ചാണ് ഭക്ഷണം പാകംചെയ്യുന്നത്. പാത്രം കഴുകുന്നതിനുള്ള ഓട്ടോമാറ്റിക് ഡിഷ്‌വാഷ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ശുചിത്വത്തിന് പ്രത്യേകപരിഗണനയാണ് അന്നദാനമണ്ഡപത്തിൽ. ഒരുസമയം 1,600 പേർക്ക് ഭക്ഷണം വിളമ്പുന്നതിനുള്ള ക്രമീകരണമുണ്ട്.
അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസർ ജയകുമാർ, അന്നദാനം സ്‌പെഷ്യൽ ഓഫീസർ വിനോദ്, ജി സുജാതൻ നായർ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്നദാനം നടക്കുന്നത്. ഹരിപ്പാട് കരുവാറ്റാ സ്വദേശിയായ ആർ പത്മനാഭൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാചകം ചെയ്യുന്നത്. 17 വർഷമായി ഇദ്ദേഹമാണ് ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിലെ പാചകത്തിന്റെ ചുമതല വഹിക്കുന്നത്. പാചകത്തിന് 50 തൊഴിലാളികളേയും ശുചീകരണത്തിന് 180 തൊഴിലാളികളേയുമാണ് നിയോഗിച്ചിട്ടുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2RF4HPq
via IFTTT
No comments:
Post a Comment