കോഴിക്കോട‌്
പദ്ധതികൾ സമയബന്ധിതമായും ഗുണമേന്മയോടും നടപ്പാക്കി പുതിയ വികസന മാതൃക സൃഷ‌്ടിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക‌്ട‌് കോ–- ഓപ്പറേറ്റീവ‌് സൊസൈറ്റി വീണ്ടും അത്ഭുതം കാട്ടുന്നു. സർക്കാർ അനുവദിച്ചതിനേക്കാൾ കുറഞ്ഞ തുകക്ക‌് നിർമാണം പൂർത്തിയാക്കിയ ഊരാളുങ്കൽ ബാക്കി പണം ഖജനാവിലേക്ക‌് തിരിച്ചടച്ചാണ‌് പുതിയ മാതൃക തീർത്തത‌്. ഇത‌് നിർമാണ ചരിത്രത്തിൽതന്നെ അപൂർവതയാകും.
തൊണ്ടയാട‌്, രാമനാട്ടുകര മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയായപ്പോൾ 17.37 കോടി രൂപയാണ‌് ഊരാളുങ്കൽ ബാക്കിവെച്ചത‌്. തൊണ്ടയാട‌് മേൽപ്പാലത്തിന‌് 59 കോടിയുടെ ഭരണാനുമതിയും 51.41 കോടിയുടെ സാങ്കേതികാനുമതിയുമാണുണ്ടായിരുന്നത‌്. എന്നാൽ നിർമാണം പൂർത്തിയായപ്പോൾ ഊരാളുങ്കൽ ചെലവാക്കിയത‌് 46 കോടി രൂപ. ബാക്കിയായത‌് 5.41 കോടി രൂപ.
അതുപോലെ രാമനാട്ടുകര മേൽപ്പാലത്തിന‌് 63 കോടി രൂപ ചെലവാക്കി മിച്ചംവന്ന 11.96 കോടി രൂപ സർക്കാരിന‌് തിരിച്ചുനൽകി. 85 കോടിക്ക‌് ഭരണാനുമതിയും 74.96 കോടി രൂപക്ക‌് സാങ്കേതികാനുമതിയും ലഭിച്ച പദ്ധതിയാണിത‌്.
ഊരാളുങ്കലിന്റേത‌് സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച നടപടിയാണെന്ന‌് പൊതുമരാമത്ത‌് മന്ത്രി ജി സുധാകരൻ പറഞ്ഞു. മരാമത്ത‌് രംഗത്ത‌് ഊരാളുങ്കലിന്റെ പ്രവർത്തനം അത്ഭുതകരമാണ‌്. മാതൃകാപരമായ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നതായി മന്ത്രി പറഞ്ഞു.
രണ്ട‌് വർഷവും 10 മാസവുമെടുത്താണ‌് രണ്ട‌് മേൽപ്പാലങ്ങളും പൂർത്തിയാക്കിയത‌്. പ്രളയക്കെടുതി ഇല്ലായിരുന്നെങ്കിൽ പാലങ്ങൾ ഇതിനുമുമ്പുതന്നെ പൂർത്തിയാകുമായിരുന്നു. വിശ്വാസ്യതയും കൃത്യനിഷ‌്ഠയും ഗുണമേന്മയുമാണ‌് ഊരാളുങ്കൽ നിർമാണത്തിന്റെ മുഖമുദ്ര. നൂറ്റാണ്ടിന്റെ പടിവാതിൽക്കലെത്തിനിൽക്കുന്ന സൊസൈറ്റിയുടെ വളർച്ച അത്ഭുതകരമാണ‌്. 1925ലാണ‌് സ്വാമി വാഗ‌്ഭടാനന്ദന്റെ നേതൃത്വത്തിൽ പരസ‌്പരസഹായ സഹകരണസംഘമായി രൂപീകരിക്കുന്നത‌്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലാണ‌് ഊരാളുങ്കലിന്റെ വളർച്ചയിൽ കുതിപ്പുണ്ടായത‌്.
from Kerala || Deshabhimani Online News http://bit.ly/2Q9Ivvo
via IFTTT
No comments:
Post a Comment