തിരുവനന്തപുരം > വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട‌് കുടുംബം മുഖ്യമന്ത്രിക്ക‌് പരാതി നൽകി. അച്ഛൻ സി കെ ഉണ്ണിയാണ‌് പരാതി നൽകിയത‌്. പരാതി സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റയ‌്ക്ക‌് കൈമാറി. അന്വേഷണത്തിന‌് ആവശ്യമായ സഹായം നൽകാൻ ക്രൈംബ്രാഞ്ചിനും ബെഹ‌്റ നിർദേശം നൽകി.
സെപ‌്തംബർ 25നാണ‌് ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ച‌് അപകടമുണ്ടായത‌്. രണ്ടുവയസ്സുകാരി മകൾ തൽക്ഷണം മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന്റെ വലതുവശത്തേക്ക് തെന്നിയാണ‌് മരത്തിലിടിച്ചത‌്. അപകടത്തിന് പിന്നിൽ ദുരൂഹതകളുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തമാകുന്നതിനാണ് കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ മംഗലപുരം പൊലീസാണ‌് കേസ‌് അന്വേഷിക്കുന്നത‌്. ഡ്രൈവറുടെയും ബാലഭാസ‌്കറിന്റെ ഭാര്യയുടെയും മൊഴികളിലെ വൈരുധ്യമാണ് പരാതിക്ക‌് കാരണം. പാലക്കാട്ടെ ഒരു ആശുപത്രിയെപ്പറ്റിയും ആശുപത്രിയുമായി മകനുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ ആശുപത്രിയുമായി ബന്ധമുള്ളയാളാണ്, കാർഡ്രൈവർ അർജുനെ ബാലഭാസ്‌കറിന് പരിചയപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.
മകൾ തേജസ്വിനി ബാലയുടെ പേരിലുള്ള വഴിപാടുകൾക്കായി സെപ‌്തംബർ 23ന് തൃശൂരിലേക്ക് പോയ കുടുംബം 24ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. തൃശൂരിൽ താമസിക്കാൻ ഹോട്ടലിൽ മുറിയെടുത്തിരുന്നുെവെന്നും ഇവർ പെട്ടന്ന‌് രാത്രിതന്നെ തിരിച്ചുവരാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും പരാതിയിലുണ്ട‌്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനാണ് മരിച്ചത‌്. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഡ്രൈവർ അർജുനും പരിക്കുണ്ടായിരുന്നു. അപകടത്തെക്കുറിച്ച‌് അർജുനും ലക്ഷ്മിയും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. മടക്കയാത്രയിൽ താൻ കൊല്ലംവരെ മാത്രമേ വാഹനം ഓടിച്ചുള്ളൂവെന്നും പിന്നീട് ബാലഭാസ്‌കറാണ് കാർ ഓടിച്ചിരുന്നതെന്നുമായിരുന്നു അർജുന്റെ മൊഴി. ലക്ഷ്മിയും മകളും മുൻസീറ്റിലായിരുന്നുവെന്നും താൻ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ടായിരുന്നു.
എന്നാൽ, വാഹനമോടിച്ചത് അർജുൻ ആയിരുന്നെന്നും താനും മകളും മുൻസീറ്റിലായിരുന്നെന്നുമാണ‌് ലക്ഷ്മി ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക‌് മൊഴി നൽകിയത്. ദീർഘദൂരയാത്രയിൽ ബാലഭാസ്‌കർ വാഹനമോടിക്കാറില്ലായെന്നും അവർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2R5l4EF
via IFTTT
No comments:
Post a Comment