കൊച്ചി > സമൂഹത്തിലെ ഭൂരിപക്ഷധാർമികതയല്ല, മറിച്ച് ഭരണഘടനാ ധാർമികതയാണ് നാം ഉയർത്തിപ്പിടിക്കേണ്ടതെന്ന് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് പറഞ്ഞു. ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് ഇടപ്പള്ളി കേരള ചരിത്ര മ്യൂസിയത്തിൽ സഹാപീഡിയ സംഘടിപ്പിച്ച ‘അഭിമുഖം' പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻഭരണഘടനയുടെ അന്തഃസത്തയായ ജനാധിപത്യബോധത്തിന്റെ ഉറവകളായി നമ്മുടെ ചരിത്രത്തിൽ വർത്തിച്ചത് ദേശീയ പ്രസ്ഥാനങ്ങളേക്കാൾ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ആയിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സാഹോദര്യവും സമത്വബോധവും മെച്ചമാണ്. ശ്രീനാരായണ ഗുരുവിന്റെയും മറ്റു നവോത്ഥാന നായകരുടെയും നേതൃത്വത്തിൽ മത, ജാതി വിരുദ്ധ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളാണ് സാഹോദര്യമെന്ന ഈ മൂല്യം നമുക്ക് പകർന്നുതന്നത്. ഇന്ത്യൻഭരണഘടന നമ്മുടെ രാജ്യത്തിന്റെ വിശാലവും അഗാധവും ബഹുമുഖവുമായ വൈവിധ്യങ്ങളെ തുല്യതയിലേക്ക് ഉയർത്താനും അതുവഴി സാഹോദര്യം പ്രചരിപ്പിക്കാനുമാണ് ശ്രമിക്കുന്നത‌്.
ഭരണഘടനയുടെ ആത്യന്തിക അഭിലാഷങ്ങൾ അതിന്റെ ആമുഖത്തിൽത്തന്നെ പ്രതിപാദിച്ചിരിക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹ്യനീതി, മതേതരത്വം എന്നീ ആശയങ്ങളിലാണ് കുടികൊള്ളത്. ഇവതന്നെയാണ് ഭരണഘടനയുടെ ധാർമികത.
ഗ്രാമങ്ങളാണ് ഇന്ത്യയുടെ അടിസ്ഥാനഘടകങ്ങൾ ആവേണ്ടതെന്ന് മഹാത്മാഗാന്ധിയുടെ പിൻഗാമികൾ വാദിച്ചപ്പോഴും വ്യക്തികേന്ദ്രീകൃതമാകണം ഈ ആധുനികരാഷ‌്‌ട്രത്തിന്റെ നിയമവ്യവസ്ഥയും മൂല്യവ്യവസ്ഥയും എന്നതിൽ അംബേദ്കർ ഉറച്ചുനിന്നു. ആ നിലപാടിന്റെ പ്രതിഫലനങ്ങൾ സ്വവർഗരതി കുറ്റകൃത്യമാക്കുന്ന വകുപ്പിന്റെ പ്രധാന ഭാഗങ്ങൾ എടുത്തുമാറ്റി സുപ്രീംകോടതി ഈയിടെ പ്രഖ്യാപിച്ച വിധിയിലും നിരവധി നിയമനിർമാണങ്ങളിലും കാണാം.
ദൈവികമെന്ന് കരുതുന്ന ബ്രാഹ്മണ അധികാരങ്ങളാണോ നമ്മുടെ ഭരണഘടനയാണോ, വലുത് എന്ന ചോദ്യം ആധുനിക ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്ന‌് അംബേദ‌്കർ പറഞ്ഞിരുന്നു. അതാണ് ശബരിമലവിഷയത്തിൽ ഇന്ന് കേരളം നേരിടുന്ന സുപ്രധാന ചോദ്യമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2DQJ0rx
via IFTTT
No comments:
Post a Comment