ശബരിമലയിൽ പ്രവർത്തകരെയും നേതാക്കളെയും പൊലീസ‌് അറസ‌്റ്റ‌് ചെയ‌്താൽ സംസ്ഥാനവ്യാപകമായി മിന്നൽ പ്രതികരണത്തിന‌് ആർഎസ‌്എസ‌് –-ബിജെപി നേതൃത്വത്തിന്റെ പദ്ധതി. പൊലീസ‌് നടപടിയുണ്ടായാൽ ഉടൻ അതതിടത്ത‌് ക്ഷേത്രങ്ങളിൽ കേന്ദ്രീകരിക്കാനാണ‌് നിർദേശം.
ശബരിമല വലിയ നടപ്പന്തലിന‌് സമീപം ഞായറാഴ‌്ച രാത്രി നിരോധനാജ്ഞ ലംഘിച്ചവരെ അറസ‌്റ്റുചെയ‌്തതിന‌് പിന്നാലെ തിരുവനന്തപുരത്ത‌് പലയിടത്തും ശബരിമല കർമസമിതിയുടെ പേരിൽ അരങ്ങേറിയ നാമജപം ഇതിന്റെ റിഹേഴ‌്സലാണ‌്.
ശബരിമലയിൽ നേരിട്ട‌് ഇടപെടാൻ ബിജെപി അധ്യക്ഷൻ അമിത‌്ഷാ ഉടനെ എത്തുമെന്ന‌് ഉറപ്പായിട്ടുണ്ട‌്. രണ്ട‌് ദിവസത്തിനുള്ളിൽ തീയതി സംബന്ധിച്ച‌് തീരുമാനമാകുമെന്ന‌് ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതിനുമുമ്പ‌് കേന്ദ്രമന്ത്രിമാരും എംപിമാരും കൂട്ടത്തോടെയെത്തുമെന്നാണ‌് വിവരം. കേന്ദ്രമന്ത്രി അൽഫോൺസ‌് കണ്ണന്താനത്തിന‌് പിന്നാലെ എംപിമാരായ വി മുരളീധരൻ, നവീൻ കട്ടീൽ എന്നിവർ ചൊവ്വാഴ‌്ച മലകയറും. കേന്ദ്രമന്ത്രിമാരായ പൊൻ രാധാകൃഷ‌്ണൻ, ജെപി നഡ്ഡ, മഹേഷ‌്ശർമ എന്നിവരോടും ഉടനെത്താൻ ബിജെപി കേന്ദ്രനേതൃത്വം നിർദേശിച്ചു. ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി സുപ്രീംകോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും അമിത‌്ഷാ ശബരിമലയിൽ വരുമെന്ന‌് ഉറപ്പായിട്ടുണ്ട‌്.
കമ്യൂണിസ‌്റ്റുകാർ ശബരിമല തകർക്കാൻ ശ്രമിക്കുന്നുവെന്നായിരിക്കും അമിത‌്ഷായുടെ മുഖ്യ ആരോപണം. അതുവഴി വിഷയം ദേശീയതലത്തിൽ എത്തിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പ‌് നടത്താനാണ‌് നോട്ടം. ശബരിമലയിലെ സമരം സ‌്ത്രീകൾ വരുന്നത‌് സംബന്ധിച്ചല്ലെന്ന സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ ഇതിന്റെ സൂചനയാണ‌്. കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും നേതൃത്വത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പൊലീസ‌് നിരോധനാജ്ഞയും നിയന്ത്രണവും നിരന്തരം ലംഘിക്കാനും തീരുമാനിച്ചിട്ടുണ്ട‌്. തമിഴ‌്നാട‌്, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ബിജെപി അധ്യക്ഷന്മാർ ഇരുമുടിയുമായി പ്രവർത്തകർക്കൊപ്പം ശബരിമലയിൽ കേന്ദ്രീകരിക്കുമെന്ന‌് പൊലീസിന‌് വിവരം ലഭിച്ചിട്ടുണ്ട‌്. അമിത‌്ഷായുടെ വരവിന‌് മുന്നോടിയായിട്ടാണിത‌്. ഏതുവിധേനയും സംഘർഷം സൃഷ്ടിക്കണമെന്നാണ‌് കർശന നിർദേശം.
from Kerala || Deshabhimani Online News https://ift.tt/2QW1kTU
via IFTTT
No comments:
Post a Comment