കേരള അഡ‌്മിനിസ‌്ട്രേറ്റീവ‌് സർവീസ‌്(കെഎഎസ‌്) വിജ്ഞാപനത്തിന‌് അന്തിമരൂപമാകുന്നു. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവയുടെ കാര്യത്തിൽ ചട്ടം ഭേദഗതിക്ക‌് സർക്കാർ അംഗീകാരം നൽകി. പബ്ലിക‌് സർവീസ‌് കമീഷൻ തയ്യാറാക്കിയ ഭേദഗതിയാണ‌് അംഗീകരിച്ചത‌്. ഇത‌് ഉടൻ കമീഷന‌് കൈമാറും. പിഎസ‌്സി അംഗീകരിച്ചാലുടൻ വിജ്ഞാപനം പുറപ്പെടുവിക്കും. 2018ൽ തന്നെ അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടിയാണ‌് പുരോഗമിക്കുന്നത‌്.
പരീക്ഷയുടെ സിലബസും ഘടനയും സർക്കാരുമായി കൂടിയാലോചിച്ച‌് പിഎസ‌്സി നിശ്ചയിക്കുന്ന വ്യവസ്ഥയാണ‌് അംഗീകരിച്ചത‌്. നേരത്തേ പിഎസ‌്സിയുമായി കൂടിയാലോചിച്ച‌് പൊതുഭരണവകുപ്പ‌് തീരുമാനിക്കണമെന്നായിരുന്നു നിർദേശം. ഇക്കാര്യത്തിലുള്ള അപ്രായോഗികത പിഎസ‌്സി ചെയർമാൻ അഡ്വ. എം കെ സക്കീർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടർന്നാണ‌് സിലബസ‌് പിഎസ‌്സി തയ്യാറാക്കാൻ ധാരണയായത‌്.
രണ്ട‌് ഘട്ട പരീക്ഷയും അഭിമുഖവുമാണ‌് വ്യവസ്ഥ ചെയ‌്തിട്ടുള്ളത‌്. തസ‌്തിക മാറ്റംവഴിയുള്ള നിയമനത്തിന‌് സംവരണം ബാധകമായിരിക്കില്ല. ഉദ്യോഗ പ്രവേശനം നേടുന്നത‌് സംവരണാടിസ്ഥാനത്തിലായതിനാൽ തസ‌്തിക മാറ്റത്തിന‌് വീണ്ടും സംവരണം വേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ‌് ഈ തീരുമാനം. എസ‌്സി, എസ‌്ടി കമീഷനും ഇത‌് അംഗീകരിച്ചു. നേരിട്ടുള്ള നിയമനത്തിന‌് സംവരണം ബാധകമായിരിക്കും. നേരിട്ടുള്ള നിയമനം, തസ‌്തികമാറ്റം, സ്ഥാനക്കയറ്റം എന്നീ മൂന്ന‌് തട്ടുള്ള നിയമനഘടനയാണ‌് അംഗീകരിച്ചിട്ടുള്ളത‌്.
സിലബസ‌്, സംവരണം എന്നിവ സംബന്ധിച്ച അവ്യക്തതയാണ‌് നിലവിലുണ്ടായിരുന്നത‌്. അത‌് നീങ്ങിയതോടെ പിഎസ‌്സി തയ്യാറാക്കിയ ചട്ടം ഭേദഗതിക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ഇക്കാര്യം പിഎസ‌്സിയെ അറിയിക്കും. നവംബറിൽത്തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ‌് സൂചന. അപേക്ഷ ക്ഷണിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഈ വർഷംതന്നെ പൂർത്തിയാക്കുമെന്ന‌് പിഎസ‌്സി വൃത്തങ്ങൾ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2PCQx3r
via IFTTT
No comments:
Post a Comment