സന്നിധാനം > ശ്രീകോവിൽ നട തുറന്നു പൊന്നമ്പലത്തിൽ ... വീണ്ടും ഭക്തിയുടെ, സമത്വത്തിന്റെ നട തുറന്നു, വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി നട തുറന്നപ്പോൾ വീണ്ടും ഭക്തി നിർഭരമായ ശരണം വിളികളാൽ പൂങ്കാവനം മുഖരിതമായി.
നിശബ്ദതയിൽ നിന്ന് സ്വാമിയേയ‌്... എന്ന് വിളിക്കുമ്പോൾ ഒരേ മനസോടെ ശരണമയ്യപ്പ... എന്ന് ഏറ്റുപറയുന്നതു കേട്ട് പകൽ മുഴുവൻ തോരാതെ പെയ്ത മഴ പോലും ഒരുമയുടെ സ്നേഹത്തിൽ അലിഞ്ഞു പോയി.
നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം എല്ലായിടത്തും പൊലീസിന്റെ നിർദ്ദേശവും സാന്നിധ്യവും സഹായവും. എതൊരു അയ്യപ്പഭക്തനും ഒരു ഉറച്ച ആത്മവിശ്വാസം അതുവഴി നൽകി.
സന്നിധാനത്ത് വന്നപ്പോൾ അടുക്കും ചിട്ടയോടും കൂടി അയ്യപ്പഭക്തർ ക്യൂവിൽ നട തുറക്കുന്നതും കാത്ത് പതിനെട്ടാം പടിയ്ക്കു താഴെ ശരണം വിളികളുമായി തൊഴു കൈയ്യോടെ നിൽക്കുന്നു. പെരുമഴയത്ത് സന്നിധാനത്തിന് ചുറ്റും ബാരിക്കേഡ് വടം കെട്ടി ഉറപ്പിക്കുന്ന തിരക്കിൽ പൊലീസും.
വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിന് നടതുറന്നപ്പോൾ ശാന്തമായ ശരണം വിളികളാൽ സോപാനം നിറഞ്ഞു. പിന്നീട് ഇരുമുടി കെട്ടുമായി ചുമതലയേൽക്കാൻ വന്ന സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ ശബരിമല മേൽശാന്തി കൈപിടിച്ച് പതിനെട്ടാം പടി കയറ്റുന്നത് അയ്യപ്പഭക്തരും ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരും കൗതുകത്തോടെ നോക്കി നിന്നു. ഇതിനു ശേഷമാണ് ഭക്തർക്കായി പതിനെട്ടാം പടി തുറന്ന് കൊടുത്തത്. മഴ മാറിയ കുളിർ സന്ധ്യയിൽ ജയവിജയന്റെ ശ്രീകോവിൽ നട തുറന്നു... പൊന്നമ്പലത്തിൽ... എന്ന ഗാനത്തിൽ പൂങ്കാവനം മതിമറന്നു, പിന്നീട് കണ്ടത് അയ്യപ്പഭക്തരുടെ ഒരു തിരയിളക്കമായിരുന്നെങ്കിലും പൊലീസ് ക്രമീകരിച്ച പാതയിലൂടെ അവരങ്ങനെ ശരണം വിളിയിൽ ലയിച്ച് അയ്യപ്പന്റെ മുമ്പിൽ ഒഴുകിയെത്തി. ഭാഷ‐ദേശം മറന്നുള്ള ശരണം വിളികൾ മലനിരകളിൽ തട്ടി നിൽക്കുന്ന കോടമഞ്ഞു പോലെ മാമലകൾ നിറഞ്ഞു. മാളികപ്പുറത്തു പോകാനും ആരും മറന്നില്ല. എല്ലാം കഴിഞ്ഞ് രാത്രി പത്തു മണി കഴിഞ്ഞാൽ ഹോട്ടലുകൾ ഇല്ലെന്ന പ്രചാരണം ഹോട്ടൽ നടത്തിപ്പുകാരെ ആശങ്കയിലാക്കിയെങ്കിലും പുലരുവോളം ഭക്തർക്ക് പൊറോട്ടയും നെയ്റോസ്റ്റും സാമ്പാറുമെല്ലാം നൽകിയിട്ടും ആരും തടഞ്ഞില്ല.
സന്നിധാനത്ത് എത്തിയ ഭക്തർ ശനിയാഴ്‌ച വെളുപ്പിന് മൂന്നിന് നടതുറക്കുന്നതിനാൽ നെയ്യഭിക്ഷേകം നടത്തി മടങ്ങുന്നതിനായി മാളികപ്പുറത്തിന് സമീപമുള്ള വിരിപ്പന്തലിലെ പുതപ്പിനടിയിൽ നിർഭയം നിദ്രയിലാണ്ടു.
വെളുപ്പിന് മൂന്നിന് തണുപ്പത്ത് കാത്തുനിന്ന ഭക്തർ അയ്യപ്പനെ ശരണം വിളിയോടെ തൊഴുതപ്പോൾ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവം മറക്കാത്തവരുടെ കണ്ണുകൾ നിറഞ്ഞു. അവർ ഒന്നുകൂടി അയ്യപ്പനെ നോക്കി കണ്ണടച്ചു തൊഴുതപ്പോൾ മഞ്ഞുതുള്ളി പൊലെ അവരുടെ കണ്ണിൽ നിന്നും അടർന്നുവീഴുന്നത് കാണാമായിരുന്നു. ഇത്രയും ശാന്തതയും ഭക്തിയും തിരിച്ച് തന്നതിൽ എന്റെ അയ്യപ്പാ... എന്ന് പറഞ്ഞാണ് അവർ മടങ്ങിയത്. അപ്പോൾ യേശുദാസിന്റെ ശബരിമലയിൽ തങ്ക സൂര്യോദയം... എന്ന ഗാനം കേൾക്കാമായിരുന്നു.
സന്നിധാനത്ത് ഭക്തർ കൂടുതൽ എത്തുന്നുണ്ടെങ്കിലും തിരക്ക് ഞങ്ങൾക്ക് ഫീൽ ചെയ്യുന്നില്ലെന്നാണ് പത്രക്കാർ പറഞ്ഞിരുന്നത്. ആള് കുറവാണെന്നു പോലും പറയുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാവരും പഴയ സ്ഥിതിയിലേക്ക്.
ഉച്ചത്തിൽ ശരണം വിളി കേൾക്കാം, പക്ഷേ അതിനൊക്കെ ഒരു താളം ഉണ്ടായിരുന്നു, ഒരു സ്നേഹമുണ്ടായിരുന്നു മുമ്പെത്തെ കൊല ശരണം വിളിയായി ആർക്കും തോന്നിയതുമില്ല. അങ്ങോട്ട് ആരുമൊട്ട് നോക്കിയുമില്ല. അയ്യപ്പന്റ ഉറക്കുപാട്ട് ഹരിവരാസനം കേൾക്കാൻ ഇവിടെ വരുന്നവർക്ക് കൊതിയായിരുന്നു. എത്ര താമസിച്ചാലും സാരമില്ല അയ്യപ്പനെ ഉറക്കീട്ട് പോകാം എന്ന് പറയുന്നത് കേൾക്കാമായിരുന്നു. കപട ഭക്തർ സന്നിധാനം കൈയടക്കിയപ്പോൾ ഉറക്കുപാട്ട് ഒരു ദിവസം പോലും ആരും ശ്രദ്ധിച്ചിട്ടില്ല. രാത്രിയിലും കൊലവിളിയായിരുന്നു. വെള്ളിയാഴ്ച രാത്രി 9.58 ന് പാട്ട് തുടങ്ങിയപ്പോൾ നിന്നിടത്ത് അനങ്ങാതെ പതിയെ വാൽസല്യത്തോടെ മഹാഭാഗ്യം ലഭിച്ച ദാസേട്ടനൊപ്പം ആയിരക്കണക്കിന് ചുണ്ടുകൾ ഒരേ താളത്തിൽ സ്വരം താഴ്ത്തി പാടി ശരണമയ്യപ്പാ... സ്വാമി ശരണമയ്യപ്പാ...
from Kerala || Deshabhimani Online News https://ift.tt/2Th3QWt
via IFTTT
No comments:
Post a Comment