കോഴിക്കോട‌്
ഭരണകൂടം ഏതെങ്കിലും മതത്തെ പിന്തുണയ‌്ക്കാൻ പാടില്ലെന്ന‌് മുൻ സുപ്രീംകോടതി ജഡ‌്ജി ജസ‌്റ്റിസ‌് ജെ ചെലമേശ്വർ പറഞ്ഞു. വി മൊയ‌്തീൻ കോയഹാജി പുരസ‌്കാരം ജെഡിടി പ്രസിഡന്റ‌് സി പി കുഞ്ഞുമുഹമ്മദിന‌് സമ്മാനിച്ച‌് സംസാരിക്കുകയായിരുന്നു ചെലമേശ്വർ. അങ്ങനെ ചെയ്യുന്നത‌് ഭരണഘടനയുടെ മതനിരപേക്ഷ സങ്കൽപ്പങ്ങൾക്ക‌് വിരുദ്ധമാണ‌്. മതത്തെ പിന്തുണയ‌്ക്കുന്ന നില വന്നാൽ അതിന്റെ ഭവിഷ്യത്ത‌് ഗുരുതരമാകും. മതകാര്യങ്ങളിൽ നിഷ‌്പക്ഷമായ നിലപാടാണ‌് സർക്കാരുകൾ സ്വീകരിക്കേണ്ടത‌്.
വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ജനങ്ങൾക്ക‌് ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളു. ചരിത്രം നമ്മെ പഠിപ്പിക്കുന്നത‌് അതാണ‌്. മത ആചാരങ്ങളെല്ലാം മനുഷ്യനിർമിതമാണ‌്. ദൈവത്തിന‌് അതിൽ പങ്കില്ല. ആചാരങ്ങൾ നിർബന്ധപൂർവം നടപ്പാക്കിയാൽ അത‌് അരാജകത്വത്തിന‌് വഴിവയ‌്ക്കും. ജനാധിപത്യം അംഗസംഖ്യ കൊണ്ട‌് നിർണയിക്കാവുന്നതല്ല. ഭൂരിപക്ഷമുള്ളതുകൊണ്ട‌് നിയമം നിർമിക്കുമ്പോൾ ജനങ്ങൾക്ക‌് ഗുണകരമാകുമോ എന്നുകുടി പരിശോധിക്കണം. ആധാർ കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബഞ്ച‌് മുഖ്യമായും പരിശോധിച്ചത‌് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വകാര്യതയെ ഹനിക്കുന്നുണ്ടോ എന്നാണ‌്. വിശദമായ വാദങ്ങൾക്കുശേഷം സുപ്രീംകോടതി നടത്തിയ കണ്ടെത്തൽ ഓരോ രാഷ്ട്രീയ പാർടിയും തങ്ങൾക്ക‌് നേട്ടമുണ്ടാക്കുന്നതിനായി സൗകര്യപൂർവം വ്യാഖ്യാനിച്ചുവെന്നും ചെലമേശ്വർ പറഞ്ഞു.
അളകാപുരിയിൽ നടന്ന പുരസ‌്കാര ദാനച്ചടങ്ങ‌് ആര്യാടൻ മുഹമ്മദ‌് ഉദ‌്ഘാടനം ചെയ‌്തു. എം കെ രാഘവൻ എംപി അധ്യക്ഷനായി. അബ്ദുസമദ‌് സമദാനി, മോയിമോൻ ഹാജി എന്നിവർ സംസാരിച്ചു. സി പി കുഞ്ഞിമുഹമ്മദ‌് മറുപടി പ്രസംഗം നടത്തി. എൻ കെ അബ്ദുറഹിമാൻ സ്വാഗതവും എം അശോകൻ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2JzTXi6
via IFTTT
No comments:
Post a Comment