മാനന്തവാടി > വിഷം കലർത്തിയ മദ്യംകഴിച്ച് വയനാട്ടിൽ അച്ഛനും മകനും ബന്ധുവും മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മദ്യത്തിൽ സയനൈഡ് കലർത്തിയ മാനന്തവാടിയിലെ സ്വർണാഭരണ തൊഴിലാളിയായ ആറാട്ടുതറ പാലത്തിങ്കൽ പി പി സന്തോഷിനെയാണ്(46)പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കേസുകൾ അന്വേഷിക്കുന്ന എസ്എംഎസ് (സ്പെഷ്യൽ മൊബൈൽ സ്ക്വാഡ്) ഡിവൈഎസ്പി കെ പി കുബേരൻ അറസ്റ്റ് ചെയ്തത്.
വെള്ളമുണ്ട കാവുംകുന്ന് കോളനിയിലെ തിഗ്നായി(65), മകൻ പ്രമോദ്(35), തിഗ്നായിയുടെ ഭാര്യാ സഹോദരന്റെ മകൻ പ്രസാദ്(40) എന്നിവരാണ് ബുധനാഴ‌്ച മരിച്ചത്. തിഗ്നായിക്ക് മദ്യം നൽകിയ മാനന്തവാടിയിലെ സജിത്ത് കുമാറിനെ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കി.
സന്തോഷാണ് സജിത്തിന് വിഷം കലർത്തിയ മദ്യം നൽകിയതെന്ന‌് പൊലീസ‌് പറഞ്ഞു. സജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
എന്നാൽ ഇതറിയാതെ സജിത്ത് മദ്യം തിഗ്നായിക്ക് നൽകി. 2014ൽ പ്രതി സന്തോഷിന്റെ ഭാര്യാസഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണക്കാരൻ സജിത്താണെന്ന വിശ്വാസവും സ്വന്തം ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്നാണ‌് വിഷം കലർത്തിയ മദ്യം സജിത്തിന‌് നൽകിയത‌്. എന്നാൽ പൂജാകർമങ്ങൾ ചെയ്യുന്ന, പരിചയക്കാരൻകൂടിയായ തിഗ്നായിക്ക‌് സജിത്ത‌് ഈ മദ്യം നൽകി. മകളുടെ കൈയിൽ ചരട്പൂജിക്കാനെത്തിയപ്പോഴായിരുന്നു ഇത‌്.
മദ്യം കഴിച്ച ഉടൻ തിഗ്നായി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമെന്നാണ് കരുതിയത്. സംസ്കാരത്തിനുള്ള ഒരുക്കത്തിനിടെ രാത്രി പ്രമോദും പ്രസാദും അവശേഷിച്ച മദ്യം കഴിക്കുകയായിരുന്നു. മൃതദേഹങ്ങൾ പരിശോധിച്ച ഡോക്ടർമാർ സയനൈഡ് പോലുള്ള മാരകവിഷം അകത്തുചെന്നാണ് മരണമെന്ന് റിപ്പോർട്ട് നൽകി. പീന്നീട് സാമ്പിൾ പരിശോധിച്ചതിൽ പൊട്ടാസ്യം സയനൈഡാണെന്ന് തെളിഞ്ഞു.സന്തോഷ് പണിയെടുത്ത സ്ഥാപനത്തിന്റെ ഉടമ സ്വർണപ്പണിക്കായി സൂക്ഷിച്ചിരുന്ന സയനൈഡ് സന്തോഷ് കൈക്കലാക്കുകയായിരുന്നു.
നേരത്തെ തമിഴ്നാട്ടിൽനിന്നും സുഹൃത്ത് വാങ്ങിനൽകിയ മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പിയിൽ മാനന്തവാടിയിൽനിന്നും മദ്യംവാങ്ങി നിറച്ച‌് സയനൈഡ് കലർത്തി. സയനൈഡിന്റെ കുപ്പിയും മാനന്തവാടിയിൽനിന്നും മദ്യം വാങ്ങിയ പ്ലാസ്റ്റിക് കുപ്പിയും കത്തിച്ചു. ഇതിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് പരിശോധനയ‌്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
from Kerala || Deshabhimani Online News https://ift.tt/2E9QUyd
via IFTTT
No comments:
Post a Comment