തിരുവനന്തപുരം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന‌് അന്തിമ അംഗീകാരമായി. എയ‌്റോഡ്രോം ലൈസൻസ‌് അനുവദിച്ചുള്ള സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ കത്ത‌് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ‌് ഡയറക്ടർ വി തുളസീദാസിന‌് ലഭിച്ചു. വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമം മാത്രമാണ‌് ബാക്കിയുള്ളതെന്ന‌് തുളസീദാസ‌് ദേശാഭിമാനിയോട‌് പറഞ്ഞു. എയർപോർട്ട‌് അതോറിറ്റി ഓഫ‌് ഇന്ത്യയും സിവിൽ ഏവിയേഷൻ വകുപ്പും വിമാനത്താവളം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചു. കണ്ണൂരിൽനിന്ന‌് സർവീസ‌് ആരംഭിക്കുന്നതിന് വിവിധ വിമാനക്കമ്പനികൾ ഷെഡ്യൂളുകൾ നിശ്ചയിച്ചുനൽകണം. 11 അന്താരാഷ്ട്ര കമ്പനികളും ആറ‌് ആഭ്യന്തരകമ്പനികളും സർവീസ‌് ആരംഭിക്കാൻ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കിയാൽ വാർഷിക പൊതുയോഗത്തിൽ അറിയിച്ചിരുന്നു.
വിമാനത്താവളം ഈവർഷംതന്നെ പ്രവർത്തിക്കാനാകും. 1996ലെ നായനാർ സർക്കാരിന്റെ കാലത്താണ‌് കണ്ണൂർ വിമാനത്താവളം ആരംഭിക്കാനുള്ള നടപടിക്രമങ്ങൾക്ക‌് തുടക്കമിട്ടത‌്. 2005ൽ കേന്ദ്രസർക്കാർ അംഗീകാരം നൽകി. 2006ൽ എൽഡിഎഫ‌് സർക്കാർ വിമാനത്താവളത്തിന‌് ഭൂമി ഏറ്റെടുക്കാൻ കിൻഫ്രയെ ചുമതലപ്പെടുത്തി. 2008ൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 2014ലാണ‌് നിർമാണം ആരംഭിച്ചത‌്. അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയാകും മുമ്പേ തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പരീക്ഷണപ്പറക്കൽ നടത്തിയത‌് വിവാദമായിരുന്നു. 2016ൽ എൽഡിഎഫ‌് അധികാരത്തിലെത്തിയശേഷമാണ‌് നിർമാണപ്രവർത്തനങ്ങൾ വേഗത്തിലായത‌്.
അന്താരാഷ്ട്ര വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവെയ്സ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ എന്നിവയും ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവെയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് സർവീസ് നടത്താൻ സമ്മതം അറിയിച്ചത്.
റൺവേയും എയർസൈഡ് വർക്കുകളും ഉൾപ്പെട്ട 694 കോടി രൂപയുടെ ഇപിസി കോൺട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെർമിനൽ ബിൽഡിങ്ങും പൂർത്തിയായി. ടെർമിനൽ ബിൽഡിങ്ങിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇൻലൈൻ എക്സ്റേ മെഷീൻ, ബാഗേജ് ഹാൻഡ‌്‌ലിങ‌് സിസ്റ്റം, എമിഗ്രേഷൻ ചെക്ക് പോയിന്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പാസഞ്ചർ ബോർഡിങ‌് ബ്രിഡ്ജ് ജോലികളും പൂർത്തിയായി.
റൺവേ 3050ൽനിന്ന‌് 4000 മീറ്ററാക്കി വർധിപ്പിക്കാനുള്ള ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഇത‌് പൂർത്തിയാകുമ്പോൾ രാജ്യത്തെ നാലാമത്തെയും കേരളത്തിലെ ഏറ്റവും വലുതുമായ എയർപോർട്ടായി കണ്ണൂർ മാറും.
നാവിഗേഷൻ സംവിധാനമായ ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമ്നി റേഞ്ച് (ഡിവിഒആർ) ഇൻഫർമേഷൻ ലാൻഡിങ‌് സിസ്റ്റവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു. ഇവയുടെ പരിശോധനയും പൂർത്തിയായി. കഴിഞ്ഞമാസം 20, 21 തീയതികളിൽ ഡിവിഒആർ അടിസ്ഥാനമായുള്ള ഫ്ളൈറ്റ് ട്രയൽ ഡിജിസിഎ എയർ ഇന്ത്യാ എക്സ്പ്രസും ഇൻഡിഗോയും വിജയകരമായി നടത്തി.
from Kerala || Deshabhimani Online News https://ift.tt/2xWzq2H
via IFTTT
No comments:
Post a Comment