തൃശൂർ
യുഡിഎഫ് ഭരണകാലത്ത് ഗുരുവായൂർ ദേവസ്വത്തിൽ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമനം നടത്തിയെന്ന കേസിൽ ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. കേസിൽ സർക്കാർ ഉദ്യോഗസ്ഥരുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതിക്കായി വിജിലൻസ് സർക്കാർ അനുമതി തേടിയിരിക്കയാണ്. അനുമതി ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി വി ചന്ദ്രമോഹൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനും തുഷാർ ബോർഡ് അംഗവുമായിരിക്കെ, രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയർന്ന തസ്തികയിൽ നിയമിച്ചുവെന്നാണ് കേസ്. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് നിയമനമെന്നും അഴിമതി നടന്നിട്ടുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. പ്രതികളിൽ സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ചുമതലക്കാരും ഉദ്യോഗസ്ഥരും ഉള്ളതിനാൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണം. ഇതിനായി വിജിലൻസ് അനുമതി തേടിയിരിക്കുകയാണ്. നേരത്തേ വിജിലൻസ‌് ഡയറക്ടർ രേഖകൾ പരിശോധിച്ച‌് കേസെടുക്കാൻ അനുമതി നൽകിയിരുന്നു. ഇതിനിടെ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ച കോടതി ഈ ആവശ്യം തള്ളി. പ്രതികൾക്കെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസിനോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് വിജിലൻസ് തുടർനടപടികൾ സ്വീകരിച്ചത്.
2013ൽ യുഡിഎഫ് സർക്കാർ കാലത്തെ ദേവസ്വം ഭരണസമിതിയുടെ കാലത്ത് ദേവസ്വം ഭരണസമിതി അംഗവും അസിസ്‌റ്റന്റ‌് ലൈന്‍മാനുമായിരുന്ന എൻ രാജുവിന‌് ദേവസ്വം ആക്ടും റൂള്‍സും ലംഘിച്ച് ദേവസ്വത്തില്‍ പുതിയ തസ‌്തിക നൽകി. യോഗ്യതയില്ലാതിരിക്കെ ഫോര്‍മാന്‍ ഗ്രേഡ് വണ്‍ എന്ന ഉയര്‍ന്ന തസ്‌തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കി നിയമിക്കുകയായിരുന്നു. ഭരണസമിതി അംഗം തന്നെ വഴിവിട്ട‌് സ്ഥാനക്കയറ്റം നേടിയത‌് ഗുരുതരമായ കുറ്റമാണ‌്. കെ രഞ്‌ജിത്ത് എന്നയാളെ സിസ്‌റ്റം അനലിസ്‌റ്റ് എന്ന തസ്‌തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളത്തില്‍ നിയമിച്ചിരുന്നു. ഈ തസ‌്തിക നിലവിലില്ലാത്തതാണ‌്. ഇതിനെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശി എന്‍ ശ്രീജിത്ത് നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്.
തുഷാറിനും ചന്ദ്രമോഹനും പുറമെ, ദേവസ്വം മുന്‍ കമീഷണര്‍ വി എം ഗോപാലമേനോന്‍, മുന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ കെ മുരളീധരന്‍, മുന്‍ ഭരണസമിതിയംഗം എന്‍ രാജു, ജനാര്‍ദനന്‍ എന്നിവരെ പ്രതികളാക്കിയാണ‌് കേസ‌്. 2016 ജൂലൈയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിജിലൻസ് കുറ്റപത്രം കൊടുക്കാനൊരുങ്ങുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2ACyOAZ
via IFTTT
No comments:
Post a Comment