തൃശൂർ>വണ്ടി കിട്ടി. അമ്മയെവിടെ.... സന്തോഷം അടക്കാനാവാതെ ശ്രീഹരി വണ്ടിയിലിരുന്ന് തുള്ളാൻ ശ്രമിച്ചു. കാലങ്ങളുടെ കാത്തിരിപ്പിനുശേഷം വീൽചെയർ കിട്ടിയതോടെ പ്ലസ്ടു വിദ്യാർഥിയായ ഉണ്ണിക്കുട്ടനും ആഹ്ലാദമേറെ. ജീവിതത്തിൽ വിജയവഴികൾ താണ്ടാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സർക്കാർ കൈതാങ്ങേകുകയാണ്. ഇതുവഴി പൊതുധാരയിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയാണ്. സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായാണ് അർഹരായ ഭിന്നശേഷി കുട്ടികൾക്ക് സഹായകമായ ഉപകരണങ്ങൾ വിതരണം ചെയ്തത്.
ചേറൂർ എസ്എൻഎസ് യുപിഎസിൽ ആറാംക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി. സെറിബ്രൽ പാൾസി രോഗം ബാധിച്ച കുട്ടിക്ക് പരസഹായമില്ലാതെ ഇരിക്കാൻപോലുമാവില്ല. വീൽചെയർ കിട്ടിയത് വലിയ ആശ്വാസമാണെന്ന് അച്ഛൻ വിൽവട്ടം കരുവന്നൂക്കാരൻ സുരേഷ് പറഞ്ഞു. മകന് ഞായറാഴ്ച ഒഴികെ ദിവസവും രാവിലെ ഒമ്പതുമുതൽ പത്തുവരെ ജില്ലാ ആശുപത്രിയിൽ തെറാപ്പിക്ക് കൊണ്ടുപോവും. തുടർന്ന് സ്കൂളിലെത്തിക്കും. മകൻ നന്നായി പഠിക്കും. സ്കൂൾ വിടുന്നതുവരെ അമ്മ രാധ കൂട്ടിരിക്കും. താൻ കർഷകമിത്രയായി സേവനം അനുഷ്ഠിക്കുകയാണ്. പണമില്ലാത്ത അവസ്ഥയിൽ സർക്കാർ സഹായം വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ജന്മനാ നടക്കാൻ ശേഷിയില്ലാത്ത ഉണ്ണിക്കുട്ടൻ മോഡൽ ബോയ്സിൽ പ്ലസ്ടു വിദ്യാർഥിയാണ്. ഓട്ടോത്തൊഴിലാളിയായ അച്ഛൻ വിൽവട്ടം തെക്കൻ ഉണ്ണികൃഷ്ണൻ എന്നും സ്കൂളിലെത്തിക്കുകയാണ് പതിവ്. അമ്മ സരസ്വതിക്ക് കൂലിപ്പണിയാണ്. ജീവിതബുദ്ധിമുട്ടുകൾക്കിടെ ഇതുവരെ വീൽചെയർപോലും വാങ്ങാനായില്ലെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇത്തരത്തിൽ നിരവധി ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് സർക്കാർ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. വീൽചെയർ, വാട്ടർബെഡ്, കേൾവി, കാഴ്ച സഹായി തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഒന്നാംക്ലാസുമുതൽ 12–ാം ക്ലാസുവരെയുള്ള കുട്ടികളിൽ ഭിന്നശേഷിക്കാർക്കാണ് നൽകുന്നത്. സ്കൂൾ തലങ്ങളിൽനിന്ന് റിസോഴ്സ് പേഴ്സൺമാർ തെരഞ്ഞെടുക്കുന്ന കുട്ടികളെ മെഡിക്കൽക്യാമ്പ് നടത്തി സർക്കാർ ഡോക്ടർമാർ പരിശോധിച്ചശേഷമാണ് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നത്. 14 ജില്ലകളിൽ നിന്നും കുട്ടികളെ തെരഞ്ഞെടുത്തു. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിലാണ് വിതരണം ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അർഹരായവരെ നേരത്തേതന്നെ കണ്ടെത്തി ഉപകരണങ്ങൾ വിതരണം ചെയ്യുകയായിരുന്നു. തൃശൂർ ജില്ലയിൽമാത്രം 45 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഉപകരണ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂർ ടാഗോൾ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. എസ്എസ്എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ അധ്യക്ഷനായി. മേയർ അജിത ജയരാജൻ മുഖ്യാതിഥിയായി.
from Kerala || Deshabhimani Online News https://ift.tt/2D1XJR5
via IFTTT
No comments:
Post a Comment