തിരുവനന്തപുരം > രാജ്യത്തിന്റെ ഫെഡറൽ സങ്കൽപ്പത്തെ തകർത്ത‌് ബിജെപി പ്രസിഡന്റ അമിത‌് ഷാ നടത്തിയ വെല്ലുവിളിയുടെ തുടർച്ചയായി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച രഥയാത്രയുടെ ലക്ഷ്യം കലാപം. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള കലാപത്തിന‌് നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണ‌് രഥയാത്രാ പ്രഖ്യാപനം. ജനാധിപത്യ സർക്കാരിനെ വലിച്ചുതാഴെയിടുമെന്നാണ‌് കേന്ദ്ര ഭരണകക്ഷിയുടെ അധ്യക്ഷൻ വെല്ലുവിളിച്ചത‌്. ഫാസിസ‌്റ്റ‌് ശൈലി പിന്തുടരുന്ന ബിജെപി മറ്റ‌് സംസ്ഥാനങ്ങളിൽ പയറ്റിയ അതേ തന്ത്രം കേരളത്തിലും പയറ്റാനാണ‌് നോക്കുന്നത‌്. ഭരണഘടനയുടെ 356–ാം അനുച്ഛേദം പ്രയോഗിക്കുമെന്ന വെല്ലുവിളിയാണ‌് അമിത‌് ഷായുടെ പ്രഖ്യാപനത്തിൽ.
കുതന്ത്രങ്ങൾ പറന്നെത്തി, തീക്കളിയും
ബിജെപി അധ്യക്ഷൻ സംസ്ഥാനത്ത‌് വന്നദിവസംതന്നെ സംസ്ഥാന തലസ്ഥാനത്ത‌് ഹിന്ദുസന്യാസിയുടെ ആശ്രമത്തിന‌് തീയിട്ടതും യാദൃച്ഛികമായി കാണാനാവില്ല. ബിജെപി സംസ്ഥാന നേതൃത്വം ആസൂത്രണംചെയ‌്ത‌് നടപ്പാക്കിയ ഈ അക്രമത്തിലൂടെ ലക്ഷ്യമിടുന്നതും ക്രമസമാധാനം തകർന്നുവെന്ന‌് വരുത്താനാണ‌്. അതോടൊപ്പം തങ്ങളെ എതിർക്കുന്നവർ ആരായാലും വെറുതെവിടില്ലെന്ന ഭീഷണിയും ഇതിനുപിന്നിലുണ്ട‌്. സംഭവത്തിനുശേഷവും സന്ദീപാനന്ദഗിരിയെ ബിജെപി നേതാക്കൾ വ്യക്തിപരമായി പോലും അധിക്ഷേപിക്കുകയാണ‌്.
ശബരിമലയിൽ സ‌്ത്രീകൾ പ്രവേശിച്ചാൽ രക്തമൊഴുക്കാൻ തീരുമാനിച്ചിരുന്നുവെന്ന രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തലും നിസ്സാരമായി കാണാനാകില്ല. രാഹുൽ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അറസ‌്റ്റ‌് ചെയ്യണമെന്ന‌് കഴിഞ്ഞദിവസം പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള മലക്കം മറിഞ്ഞു. അറസ‌്റ്റിൽ ശ്രീധരൻപിള്ള പ്രതിഷേധിച്ചതോടെ ഇരുകൂട്ടരും തമ്മിലുള്ള ഒത്തുകളിയും തുറന്നുകാട്ടപ്പെടുകയാണ‌്.
സംയമനം തിരിച്ചടിയായപ്പോൾ പുതിയ നീക്കം
രാഹുൽ ഈശ്വറിനെപ്പോലെ ഭ്രാന്തൻ നിലപാട‌് സ്വീകരിക്കുന്നവരെ മുന്നിൽനിർത്തി കലാപം നടത്താനാണ‌് ബിജെപിയും ആർഎസ‌്എസും ആദ്യം ശ്രമിച്ചത‌്. പിന്നീട‌് അവർ നേരിട്ട‌് എത്തിയതോടെ നിലയ‌്ക്കലിലും സന്നിധാനത്തും പമ്പയിലുമെല്ലാം കലാപം സൃഷ്ടിക്കുകയായിരുന്നു. ഈ സ്ഥലങ്ങളിൽ കലാപം അഴിച്ചുവിട്ട അതേസമയംതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘപരിവാർ അഴിഞ്ഞാടി.
ഇത്തരം അക്രമങ്ങളെയെല്ലാം സർക്കാരും പൊലീസും പൊതുസമൂഹവും സംയമനത്തോടെ നേരിട്ടതിനാലാണ‌് സംസ്ഥാനത്ത‌് കലാപം പൊട്ടിപ്പുറപ്പെടാതിരുന്നതും സമാധാനാന്തരീക്ഷം നിലനിർത്താനായതും. ഇത‌് സംഘപരിവാറിന്റെ മുതലെടുപ്പ‌് രാഷ്ട്രീയത്തിന‌് തിരിച്ചടിയായി.
ഇതോടെയാണ‌് പുതിയ നീക്കങ്ങൾ. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെയുള്ള അക്രമം, അമിത‌് ഷായുടെ സന്ദർശനം, രഥയാത്രാ പ്രഖ്യാപനം തുടങ്ങിയവയെല്ലാം ഇതാണ‌് തെളിയിക്കുന്നത‌്.ബാബ‌്റി മസ‌്ജിദ‌് തകർക്കുന്നതിന‌് തൊട്ടുമുമ്പാണ‌് എൽ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള രഥയാത്രയും കലാപവും. സമാനമായ കലാപമാണ‌് ബിജെപി ലക്ഷ്യമിടുന്നത‌്.ഇത്തരം കലാപനീക്കം തടയാനും ബിജെപിയുടെ കുതന്ത്രങ്ങൾ പരാജയപ്പെടുത്താനുമുള്ള പ്രബുദ്ധത കേരളത്തിനുണ്ടെങ്കിലും നിഷ‌്കളങ്കരായ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനാകുമോ എന്നാണ‌് ബിജെപി നോക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2Q7mUEI
via IFTTT
No comments:
Post a Comment