ബ്രൂവറി–ബോട്ടിലിങ‌് യൂണിറ്റുകൾക്ക‌് അനുമതി നൽകിയതുമായി ബന്ധപ്പെട്ട‌് പഴയ ആരോപണങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നത‌് ഉമ്മൻചാണ്ടിയെ.
എക‌്സൈസ‌് വകുപ്പ‌് തള്ളിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന‌് നൽകിയ അപേക്ഷ എക‌്സൈസ‌് വകുപ്പിന‌് കൈമാറിയതാണ‌് വലിയ ആരോപണമായി ചെന്നിത്തല ഇപ്പോൾ ഉന്നയിക്കുന്നത‌്. 2015ൽ ഇങ്ങനെ അപേക്ഷ കിട്ടിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇതുതന്നെയാണ‌് ചെയ‌്തതെന്ന‌് അന്ന് ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തലക്ക് നന്നായി അറിയാം.ചെന്നിത്തലയുടെ ആക്ഷേപത്തിന‌് ഒരാഴ‌്ച മുമ്പ‌് തന്നെ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. ഏതെങ്കിലും അപേക്ഷ കിട്ടിയാൽ അത‌് പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പിന‌് അയച്ചുകൊടുക്കുകയെന്നതാണ‌് ഭരണപരമായ നടപടി ക്രമമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന‌് മറുപടി നല്‍കിയിരുന്നു.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ 2015 മെയ‌് 9നാണ‌് അപ്പോളൊ ഡിസ‌്റ്റിലറി ചെയർമാൻ എം പി പുരുഷോത്തമൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക‌് അപേക്ഷ നൽകിയത‌്. പരിശോധിച്ച‌് നടപടി എടുക്കുക എന്ന കുറിപ്പോടെ ഉമ്മൻചാണ്ടി അപേക്ഷ എക‌്സൈസ‌് വകുപ്പിന‌് കൈമാറി. ഇതിൽ പരിശോധന പൂർത്തിയാക്കിയ അന്നത്തെ എക‌്സൈസ‌് കമീഷണർ അനുമതി നൽകണമെന്നാണ‌് റിപ്പോർട്ട‌് നൽകിയത്.
തുടർ നടപടികൾ അന്തിമഘട്ടമെത്തിയപ്പോഴാണ‌് യുഡിഎഫ‌് സർക്കാർ ബാർകോഴ വിവാദത്തിൽപ്പെട്ടത‌്. തുടർന്ന‌് ഫൈവ‌് സ‌്റ്റാർ ബാറുകൾ ഒഴിച്ചുള്ളവയുടെ ലൈസൻസ‌് റദ്ദാക്കാനും ഘട്ടംഘട്ടമായി മദ്യം നിരോധിക്കാനും യുഡിഎഫ‌് തീരുമാനിച്ചു.
ഓരോ വർഷവും 10 ശതമാനം മദ്യ വിതരണശാല പൂട്ടുമെന്ന യുഡിഎഫിന്റെ നയവും ഉമ്മൻചാണ്ടി ഏകപക്ഷീയമായി പ്രഖ്യാപിച്ചു.
അന്നത്തെ കെപിസിസി പ്രസിഡന്റ‌് വി എം സുധീരനുമായുള്ള തർക്കത്തിന‌് ഒടുവിലാണ‌് യുഡിഎഫിൽ പോലും ചർച്ച ചെയ്യാതെയുള്ള ഈ മദ്യനയം പ്രഖ്യാപിച്ചത‌്. എങ്കിലും അതായി പിന്നീട‌് സർക്കാറിന്റെ മദ്യനയം. അപ്പോളൊ ഡിസ‌്റ്റിലറി 2016ൽ വീണ്ടും അപേക്ഷ നൽകി.അനുമതി നൽകാമെന്ന‌് തന്നെയാണ‌് ഈ അപേക്ഷയിലും എക‌്സൈസ‌് കമീഷണർ നൽകിയ റിപ്പോർട്ട‌്.
എന്നാൽ, ഉമ്മൻചാണ്ടി പ്രഖ്യാപിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ഇൗ അപേക്ഷയും നിരസിച്ചു. 2017 ജൂണിൽ മാത്രമാണ‌് എൽഡിഎഫ‌് സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചത‌്. തുടർന്ന‌് വീണ്ടും അവർ മുഖ്യമന്ത്രിക്ക‌് അപേക്ഷ നൽകുകയായിരുന്നു. അതാണിപ്പോൾ വിവാദമാക്കാൻ ശ്രമിക്കുന്നത‌്.
ബ്രൂവറികൾക്കും ഡിസ‌്റ്റിലറികൾക്കും ലൈസൻസ‌് നൽകരുതെന്ന 1999ലെ തീരുമാനം ഈ സർക്കാർ അട്ടിമറിച്ചെന്ന ചെന്നിത്തലയുടെ ആരോപണവും ഇതോടെ പൊളിയുകയാണ‌്. 1999ലെ നയമനുസരിച്ച‌് ഒരിക്കലും അനുമതി നൽകരുതെന്ന ചെന്നിത്തലയുടെ വാദം ശരിയാണെങ്കിൽ ഉമ്മൻ ചാണ്ടി 2015ൽ അപേക്ഷ എക‌്സൈസ‌് വകുപ്പിന‌് കൈമാറിയതെന്തിനെന്ന ചോദ്യവും ഉയരുകയാണ‌്.
എൽഡിഎഫ‌് സർക്കാരിനും മുഖ്യമന്ത്രിക്കും എക‌്സൈസ‌് വകുപ്പിനും എതിരെ തുടർച്ചയായി ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതിലൂടെ ചെന്നിത്തല ലക്ഷ്യമിടുന്നത‌് ഉമ്മൻചാണ്ടിയെയും അന്നത്തെ എക‌്സൈസ‌് മന്ത്രി കെ ബാബുവിനെയും ആണെന്ന സംശയവും ഇതോടെ വീണ്ടും ബലപ്പെടുകയാണ‌്.
from Kerala || Deshabhimani Online News https://ift.tt/2pQaCor
via IFTTT
No comments:
Post a Comment