പത്തനംതിട്ട > ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിക്കെതിരായ സമരത്തിനിടെ ഭരണഘടന കത്തിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാർ നേതാവിന്റെ പ്രസംഗം. ഒക്ടോബർ ഒന്നിന് ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തിൽ പത്തനംതിട്ടയിലെ കുമ്പഴയിൽ സംഘടിപ്പിച്ച സമരത്തിനിടെയാണ് പത്തനംതിട്ട കോടതിയിലെ അഭിഭാഷകൻ കൂടിയായ അഡ്വ. മുരളീധരൻ ഉണ്ണിത്താന്റെ രാഷ്‌ട്രവിരുദ്ധ പ്രസംഗം.
ഈ രാജ്യത്തെ ജനങ്ങൾ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആർപിസിയും കണ്ടിട്ടല്ലെന്നും നമ്മുടെ സംസ്‌കാരമാണ് നമ്മെ നയിക്കുന്നതെന്നും ഇയാൾ പറയുന്നു. കോട്ടിട്ട സായിപ്പൻമാർ എഴുതിയ ഈ ‘പണ്ടാരം’ നമ്മുടെ തലയിൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നുമാണ് മുരളീധരൻ ഉണ്ണിത്താന്റെ വാദം. തുടർന്ന് ഭരണഘടന ചുടേണ്ട കാലം കഴിഞ്ഞെന്നും ചുടുന്ന കാലം വരുമെന്നതിൽ സംശയമില്ലെന്നും ഇയാൾ പറയുന്നു. പ്രസംഗം കേട്ടുനിന്ന സമരക്കാർ മുരളീധരൻ ഉണ്ണിത്താന്റെ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തെ കൈയടിയോടെയാണ് സ്വീകരിച്ചത്.
ഡൽഹി കേരളാ ഹൗസിലേക്ക് ബീഫിന്റെ പേരിലുണ്ടായ സംഘപരിവാർ ആക്രമണത്തിലും മുരളീധരൻ ഉണ്ണിത്താന്റെ സാന്നിധ്യമുണ്ടായിരുന്നു.
അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യുന്ന വ്യക്തിയാണ് ഭരണഘടനയെയും ഇന്ത്യൻ ശിക്ഷാനിയമത്തേയും പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നതെന്നതാണ് വിരോധാഭാസം. ഭരണഘടന കത്തിക്കണം എന്ന് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് പരസ്യമായ വെല്ലുവിളിയെന്നും വ്യക്തം. ഭരണഘടനാ രൂപീകരണ കാലം മുതൽ മതേതര ജനാധിപത്യ ഭരണഘടനയോട് ഹിന്ദുത്വ ശക്തികൾ തുടർന്നു പോന്നിരുന്ന എതിർപ്പ് കുപ്രസിദ്ധമാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സംഘപരിവാർ നേതാവിന്റെ പത്തനംതിട്ടയിലെ പ്രസംഗം.
from Kerala || Deshabhimani Online News https://ift.tt/2OWbB4y
via IFTTT
No comments:
Post a Comment