തിരുവനന്തപുരം > സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാൽ എംപിക്കുമെതിരായ എഫ‌്ഐആർ ക്രൈംബ്രാഞ്ച‌് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട‌് കോടതി മൂന്നിലാണ‌് രണ്ട‌് എഫ‌്ഐആർ സമർപ്പിച്ചത‌്. സിആർപിസി 164 പ്രകാരം സരിതയുടെ രഹസ്യമൊഴി എടുക്കാനുള്ള അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകും. അതിനിടെ എസ‌്പി യു അബ‌്ദുൾ കരീമിന്റെ നേതൃത്വത്തിൽ രണ്ട‌് ഡിവൈഎസ‌്പിമാരെയും രണ്ട‌് സിഐമാരെയും ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. ഡിവൈഎസ‌്പി ഷാനവാസാണ‌് അന്വേഷണ ഉദ്യോഗസ്ഥൻ. ഇവരുടെ യോഗം ബുധനാഴ‌്ച ക്രൈംബ്രാഞ്ച‌് ആസ്ഥാനത്ത‌് ചേരും.
സരിതയുടെ പരാതിയിൽ ശനിയാഴ‌്ചയാണ‌് ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്തത‌്. ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന‌് ഐപിസി 377, പണം കൈപറ്റിയതിന‌് ഐപിസി 420, കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന‌് ഐപിസി 376, സ‌്ത്രീത്വത്തെ അപമാനിച്ചതിന‌് ഐപിസി 354, ഫോണിൽ വിളിച്ച‌് ശല്യംചെയ‌്തതിന‌് കേരള പൊലീസ‌് ആക്ട‌് 120 ഒ എന്നീ വകുപ്പുകൾ പ്രകാരമാണ‌് കേസ‌് എടുത്തത‌്. ബലാത്സംഗ കേസിൽ ഇരയുടെ രഹസ്യമൊഴി നിർബന്ധമാണ‌്. അതിനാൽ താമസിയാതെ തന്നെ രഹസ്യമൊഴിയെടുക്കാനുള്ള അപേക്ഷ നൽകും.
ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പി ഷാനവാസിന‌് പുറമെ വിജിലൻസ‌് ഡിവൈഎസ‌്പി ഇ എസ‌് ബിജുമോൻ, ഇൻസ‌്പെക്ടർമാരായ സന്തോഷ‌്കുമാർ, ശ്രീകാന്ത‌് എന്നിവരടങ്ങിയതാണ‌് അന്വേഷണ സംഘം. നിലവിൽ എംഎസ‌്പി കമാണ്ടന്റായ എസ‌്പി യു അബ‌്ദുൾ കരീമിന്റെ സാന്നിധ്യത്തിൽ ബുധനാഴ‌്ച നടക്കുന്ന യോഗത്തിന‌് ശേഷം എസ‌്ഐ, പൊലീസ‌് ഉദ്യോഗസ്ഥർ എന്നിവരെക്കൂടി ഉൾപ്പെടുത്തി സംഘം കൂടുതൽ വിപുലീകരിച്ചേക്കും.
നാല‌് മുൻ മന്ത്രിമാർക്ക‌് എതിരെ കൂടി സരിത പരാതി നൽകിയിട്ടുണ്ട‌്. ഈ പരാതികൾ എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുകയാണ‌്. താമസിയാതെ ഇവയും ക്രൈംബ്രാഞ്ചിന‌് കൈമാറിയേക്കും.
from Kerala || Deshabhimani Online News https://ift.tt/2R7Ou4v
via IFTTT
No comments:
Post a Comment