തൃശൂർ > തൃശൂർ അതിരൂപതയുടെ അഞ്ച‌് ഏക്കർ ഭൂമി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈമാറി. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഭവന നിർമാണത്തിനായാണ‌് ഭൂമി നൽകിയത‌്. അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഞ്ചേക്കർ ഭൂമി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുന്ന സമ്മതപത്രം ആർച്ച് ബിഷപ‌് മാർ ആൻഡ്രൂസ് താഴത്ത് മന്ത്രി എ സി മൊയ്തീന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപയുടെ ചെക്കും മന്ത്രിയെ എൽപ്പിച്ചു. 25 കോടി രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു. പി കെ ബിജു എംപി, മേയർ അജിത ജയരാജൻ, കലക്ടർ ടി വി അനുപമ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലേക്ക് ഇതിനകം 15 കോടി രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നൽകിക്കഴിഞ്ഞതായി ആർച്ച് ബിഷപ‌് പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുൾപ്പെടെ 25 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതു പുരോഗമിക്കുന്നു. സഭാ സന്യസ്തർ മനക്കൊടി, ചിറ്റാട്ടുകര, വേലൂർ എന്നിവിടങ്ങളിലായി മൂന്ന് ഏക്കർ സ്ഥലം വീടു നിർമിക്കാൻ നൽകും. ഇവിടെ അർഹരായവർക്ക് അതിരൂപത സ്വന്തമായി വീടുവച്ച് നൽകും. ഇടവകകളിലെ തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി ലഭിക്കുന്ന വരുമാനവും ദുരിതാശ്വാസത്തിന് ഉപയോഗിക്കും.
ജാതിമതഭേദമില്ലാതെയാണ് അതിരൂപത സഹായങ്ങൾ നൽകിയതെന്ന് ആർച്ച് ബിഷപ‌് വ്യക്തമാക്കി. അതിരൂപതയുടെ കീഴിലുള്ള 143 കേന്ദ്രങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളായിരുന്നു. ഈ കേന്ദ്രങ്ങളിലും എല്ലാ ഇടവകകളുടേയും നേതൃത്വത്തിലും ഒന്നരക്കോടി രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നൽകി. പ്രളയദുരിതം ആരംഭിച്ച നാളുകൾ മുതൽ അതിരൂപത തൃശൂർ ജില്ലയിലും വയനാട്, ആലപ്പുഴ ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. തൃശൂർ അതിരൂപതയിലെ ദുരിതാശ്വാസ ക്യാമ്പുകൾ വിട്ടുപോയവർക്ക് 4000 രൂപ വിലയുള്ള സാധനങ്ങളടങ്ങിയ 5000 കിറ്റുകൾ വിതരണം ചെയ്തു. ഈയിനത്തിൽ രണ്ടു കോടി രൂപ ചെലവാക്കി. 2000 രൂപ വിലയുള്ള 2,150 വസ്ത്രക്കിറ്റുകൾ നൽകിയതിന് 43 ലക്ഷം രൂപ ചെലവഴിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഏഴു ലക്ഷം രൂപ ചെലവിൽ പായ, പുതപ്പ് തുടങ്ങിയവ വിതരണം ചെയ്തു. സഭയുടെ അന്താരാഷ്ട്ര ഏജൻസി കാരിത്താസ് മുഖേന ഒന്നരക്കോടി രൂപയുടെ സഹായം നൽകി. അതിരൂപതയിലെ 400 വൈദികരുടെ ഒരു മാസത്തെ അലവൻസായ 10000 രൂപ സമാഹരിച്ച് 40 ലക്ഷം രൂപ ദുരിതാശ്വാസത്തിനു പ്രയോജനപ്പെടുത്തി.
അതിരൂപതയിലെ വിവിധ സന്യാസ സമൂഹങ്ങളായ സിഎംഐ 3.2 കോടി രൂപയും, എഫ്സിസി, സിഎംസി എന്നിവ ഒന്നരക്കോടി രൂപ വീതവും, എസ്എബിഎസ് 25 ലക്ഷം രൂപയും സിഎസ്സി 63 ലക്ഷം രൂപയും, സിഎച്ച്എഫ് 92 ലക്ഷം രൂപയും, ക്ലേലിയ ഏഴ് ലക്ഷം രൂപയും സിഎസ്എം രണ്ടു ലക്ഷം രൂപയും, മറ്റു സന്യാസ സമൂഹങ്ങളെല്ലാം ചേർന്ന് ഒരു കോടി രൂപയും ജൂബിലി മിഷൻ ഹോസ്പിറ്റൽ 85 ലക്ഷം രൂപയും, അതിരൂപതാ സ്ഥാപനങ്ങൾ ഒരു കോടി രൂപയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ ക്യാമ്പുകളിൽ രോഗികളെ പരിശോധിച്ച് മരുന്നു വിതരണം ചെയ്തു.
കൂടാതെ പള്ളികളും സ്ഥാപനങ്ങളും സന്യാസഭവനങ്ങളും അവരുടെ സ്വന്തമായ രീതിയിൽ സഹായങ്ങൾ ചെയ്തു. തലശേരി, പാലക്കാട്, ബംഗളൂരു, രാമനാഥപുരം രൂപതകളിൽനിന്നുള്ള സഹായങ്ങളും അതിരൂപതക്ക് ലഭിച്ചുവെന്നും അതിരൂപത വക്താവ് ഫാ. നൈസൺ ഏലന്താനത്ത് അറിയിച്ചു. ഡോ. മേരി റജീന നന്ദി പറഞ്ഞു. പുരോഹിതന്മാർ, കന്യാസ‌്ത്രീകൾ, അൽമായ നേതാക്കൾ എന്നിവർ സംബന്ധിച്ചു.
from Kerala || Deshabhimani Online News https://ift.tt/2ycCOpg
via IFTTT
No comments:
Post a Comment