ഇ വാർത്ത | evartha
50 ഓവറില്‍ നേടിയത് 596 റണ്‍സ്; നാലു താരങ്ങള്‍ക്ക് സെഞ്ച്വറി; ഒടുവില്‍ 571 റണ്‍സിന്റെ പടുകൂറ്റന്‍ ജയം
ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരഫലം ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തുന്നതാണ്. SACA PC സൂപ്പര്‍വുമണ്‍ ഫസ്റ്റ് ഗ്രേഡ് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സും പോര്‍ട്ട് അഡ്‌ലെയ്ഡും. ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് അക്ഷരാര്‍ഥത്തില്‍ റണ്‍ മഴയൊഴുക്കി.
50 ഓവറില്‍ കേവലം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 596 റണ്‍സ്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിന്റെ നാലു താരങ്ങള്‍ സെഞ്ച്വറി നേടി. അതും വെടിക്കെട്ട് റണ്‍റേറ്റില്‍. ടോപ് സ്‌കോററായ മക്ഫാര്‍ലിന്‍ നേടിയത് 80 പന്തില്‍ 130 റണ്‍സ്. സാം ബെറ്റ്‌സ് 124 റണ്‍സും തബിത സെവില്ലെ 120 റണ്‍സും ഡാര്‍സി ബ്രൗണ്‍ 117 റണ്‍സും അടിച്ചുകൂട്ടി.
പോര്‍ട്ട് അഡ്‌ലെയ്ഡിന്റെ അച്ചടക്കമില്ലാത്ത ബോളിങും നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിന് റണ്‍സ് വാരിക്കോരി നല്‍കി. 75 വൈഡുകള്‍ അടക്കം 88 റണ്‍സാണ് എക്‌സ്ട്രാ നല്‍കിയത്. എന്നാല്‍ ഇതുപോലൊരു വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് എതിരാളിയെ ശരിക്കും ഞെട്ടിച്ചത് പന്ത് കയ്യിലെടുത്തപ്പോഴായിരുന്നു.
പോര്‍ട്ട് അഡ്‌ലെയ്ഡിന്റെ താരങ്ങളെ ക്രീസില്‍ അല്‍പ്പനേരം നിലയുറപ്പിക്കാന്‍ പോലും നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിന്റെ ബോളര്‍മാര്‍ അനുവദിച്ചില്ല. കേവലം 25 റണ്‍സില്‍ പോര്‍ട്ട് അഡ്‌ലെയ്ഡിനെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് ചുരുട്ടിക്കെട്ടി. ഇതോടെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിന്റെ പെണ്‍പുലികള്‍ സ്വന്തമാക്കിയത് 571 റണ്‍സിന്റെ പടുകൂറ്റന്‍ ജയം.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2pWqNAF
via IFTTT
No comments:
Post a Comment