അമ്പലപ്പുഴ
ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്ന‌് കരുതിയ, സ്വന്തം ഭൂമിയുടെ ആധാരം തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിൽ മത്സ്യമേഖലയിലെ 17 കുടുംബങ്ങൾ. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വളഞ്ഞവഴി, നീർക്കുന്നം ഭാഗങ്ങളിലെ നിർധനകുടുംബങ്ങൾക്കാണ് കാൽനൂറ്റാണ്ട‌് മുമ്പ‌് പണയപ്പെടുത്തിയ ആധാരങ്ങൾ പിണറായി സർക്കാർ തിരികെ നൽകിയത്.
വീടുനിർമാണത്തിനാണ‌് ആലപ്പുഴ വികസന അതോറിറ്റിയിൽനിന്ന് ഭവനവായ‌്പയ‌്ക്ക‌് ആധാരം പണയപ്പെടുത്തിയത്. അഞ്ച‌് സെന്റ‌് മുതൽ 15 സെന്റ‌് വരെയുള്ള ഭൂമിയുടെ രേഖകൾ ഈടുനൽകി 10,000 മുതൽ 25,000 രൂപ വരെയാണ് ഓരോ കുടുംബങ്ങളും വായ‌്പയെടുത്തത്. ഏതാനും വർഷങ്ങൾക്കുശേഷം വികസന അതോറിറ്റിയുടെ പ്രവർത്തനം നിലച്ചതോടെ സാമ്പത്തികമായി ഏറെ പിന്നോക്കംനിന്ന ഇവരുടെ തിരിച്ചടവും മുടങ്ങി. തുടർന്ന‌് വായ‌്പാ തുകയും പലിശയും സർക്കാർ എഴുതിത്തള്ളണമെന്നും ആധാരം തിരികെ നൽകണമെന്നും കാട്ടി സ‌്ത്രീകളടക്കമുള്ള ഗുണഭോക‌്താക്കൾ ഓഫീസുകൾ കയറിയിറങ്ങി. എന്നാൽ പ്രശ‌്നപരിഹാരമുണ്ടായില്ല. ഇതോടെ നാല‌് കുടുംബങ്ങൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി സങ്കടം പറഞ്ഞു. എന്നാൽ മുതലും പലിശയും പഞ്ചായത്ത് അടയ‌്ക്കണമെന്നു കാട്ടി അമ്പലപ്പുഴ വടക്കു പഞ്ചായത്തിന് നോട്ടീസ് നൽകുകയല്ലാതെ മറ്റു നടപടിയുണ്ടായില്ല. എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തിയതോടെ ഗുണഭോക‌്താക്കൾ, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട‌് വിഷയം ശ്രദ്ധയിൽപ്പെടുത്തി.
തുടർന്നാണ‌് ഈ കുടുംബങ്ങളുടെ മുതലും പലിശയും ചേർത്തുള്ള 27 ലക്ഷത്തിൽപ്പരം രൂപ സർക്കാർ എഴുതിത്തള്ളിയത‌്. എസ്ഡിവി ഗവ. യുപി സ‌്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ ആധാരങ്ങൾ തിരികെ നൽകി.
ഗുണഭോക‌്താക്കളിൽ 17 പേരിൽ മൂന്ന‌് പേർ മരിച്ചു. രണ്ടു കുടുംബങ്ങളുടെ വീടും സ്ഥലവും കടലെടുത്തു. മരിച്ചവരുടെ മക്കൾ സമ്മതപത്രം നൽകുന്ന മുറയ‌്ക്ക‌് അവരുടെ ഈടുനൽകിയ ആധാരം തിരികെ നൽകുമെന്ന‌് പഞ്ചായത്ത് സെക്രട്ടറി രാജ്കുമാർ പറഞ്ഞു. സ്ഥലം കടലെടുത്തുപോയവർക്ക് സുനാമി പദ്ധതിയിൽ പകരം വീടും സ്ഥലവും ലഭ്യമാക്കിയതിനാൽ ആ രണ്ടു കുടുംബങ്ങളുടെ ആധാരം സർക്കാർ നിർദേശാനുസരണമുള്ള അനന്തരനടപടിക്ക‌് വിധേയമാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2NubdFD
via IFTTT
No comments:
Post a Comment