കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അതിവർഷാനുകൂല്യ കുടിശ്ശിക വിതരണത്തിന‌് സർക്കാർ 100കോടി രൂപ അനുവദിക്കും. കഴിഞ്ഞവർഷം ആദ്യഗഡുവായി അനുവദിച്ച 30കോടിക്കു പുറമെയാണിത‌്. ഉത്തരവ‌് ഉടൻ പുറത്തിറങ്ങും. കർഷകത്തൊഴിലാളി ക്ഷേമനിധിയിൽനിന്ന‌് വിരമിക്കുന്നവർക്കുള്ളതാണ‌് അതിവർഷാനുകൂല്യം.
യുഡിഎഫ‌് ഭരിച്ച 2011 മുതൽ അതിവർഷാനുകൂല്യ വിതരണം കുടിശ്ശികയായിരുന്നു. 286.79 കോടി രൂപയാണിത‌്. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷം 2017 ജൂലൈയിൽ കുടിശ്ശിക കൊടുത്തുതീർക്കാൻ ഘട്ടംഘട്ടമായി നടപടിതുടങ്ങി. നിലവിലെ കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കാൻ 168.79 കോടിരൂപ ഇനിയും ആവശ്യമാണ‌്. 2018 ആഗസ‌്ത‌് വരെയുള്ള 282941 അപേക്ഷകളാണ‌് തീർപ്പാകാനുള്ളത‌്. 2017 ജൂലൈയിൽ അതിവർഷാനുകൂല്യത്തിന്റെ ആദ്യ ഗഡു 30 കോടി അനുവദിച്ചു. ഈ തുക ഉപയോഗിച്ച‌് 2011 മാർച്ച‌് വരെയുള്ള കുടിശ്ശിക നൽകി. ഇപ്പോൾ അനുവദിച്ച 100 കോടി ഉപയോഗിച്ച‌് 2014 വരെയുള്ള മൂന്ന‌് സാമ്പത്തിക വർഷത്തെ കുടിശ്ശിക വിതരണം പൂർത്തിയാക്കാം. ശേഷിക്കുന്ന മൂന്നുവർഷത്തെ കുടിശ്ശിക പൂർണമായും തീർക്കാൻ 168 കോടി വേണ്ടിവരും.
60 വയസ്സ‌് പൂർത്തിയായി വിരമിക്കുന്ന തൊഴിലാളിക്ക‌് പ്രതിവർഷം 625 രൂപയാണ‌് അതിവർഷാനുകൂല്യം നൽകുന്നത‌്. 60 രൂപയാണ‌് ക്ഷേമബോർഡിൽ അംഗങ്ങളായവർ ഒരുവർഷം അടയ‌്ക്കേണ്ട അംശാദായം. അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക‌് കാലപരിധിയില്ലാതെ കുടിശ്ശിക പൂർണമായും അടച്ച‌് അംഗത്വം പുനഃസ്ഥാപിക്കാൻ സർക്കാർ ആറുമാസത്തെസമയം അനുവദിച്ചിട്ടുണ്ട‌്. 2017–18 കാലത്ത‌്കുടിശ്ശിക അടച്ച‌് അംഗത്വം പുനഃസ്ഥാപിക്കുന്നതിന‌് സമയം നൽകിയിരുന്നു. ഇതനുസരിച്ച‌് 46982 പേർ അംശാദായ കുടിശ്ശിക തീർത്ത‌് അംഗത്വം പുനഃസ്ഥാപിച്ചിരുന്നു. ഇതുവഴി നാലുകോടിയിലേറെ രൂപ ബോർഡിന‌് സമാഹരിക്കാനായി. അംശാദായമുൾപ്പെടെ ഒമ്പതുകോടി രൂപയാണ‌് ബോർഡിന്റെ വാർഷിക വരുമാനം. എന്നാൽ, വിവിധ ആനുകൂല്യ വിതരണത്തിനായി 40 കോടിയോളം രൂപയാണ‌് ഒരുവർഷം വേണ്ടത‌്. നിലവിൽ 16,33,716 പേരാണ‌് ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളത‌്.
from Kerala || Deshabhimani Online News https://ift.tt/2AcliUu
via IFTTT
No comments:
Post a Comment