കൊച്ചി
വിജിലൻസ് പരിശോധനയിൽ കൺസ്യൂമർഫെഡിൽ ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന‌് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം മെഹബൂബ് പറഞ്ഞു. വിജിലൻസ് പരിശോധനയുടെ മറവിൽ കൺസ്യൂമർഫെഡിന്റെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലാണ‌് ചിലർ വാർത്തകൾ പ്രചരിപ്പിക്കുന്നത‌്. വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ, റിപ്പോർട്ട‌് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിച്ച‌് ലാഭത്തിലേക്കു കടന്ന കൺസ്യൂമർഫെഡിനെ അപകീർത്തിപ്പെടുത്താനാണ‌് നീക്കം.
പുതിയ അഡ‌്മിനിസ‌്ട്രേറ്റീവ‌് കമ്മിറ്റി അധികാരത്തിൽ വന്നശേഷം സുതാര്യവും അഴിമതിരഹിതവുമായ പ്രവർത്തനമാണ‌് കൺസ്യൂമർഫെഡിൽ നടക്കുന്നത‌്. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ച സ്ഥാപനത്തെ ലാഭത്തിലാക്കാൻ ഈ കമ്മിറ്റിക്കു കഴിഞ്ഞു. കേന്ദ്രീകൃത വാങ്ങൽ മുഴുവൻ ഇ ടെൻഡറിലൂടെയാക്കി. പർച്ചേസ‌് നടപടികളിൽ വരുത്തിയ പരിഷ‌്കാരങ്ങളിലൂടെ സാധനങ്ങൾ വില കുറച്ചു നൽകാൻ കഴിയുന്നു. സർക്കാർ സബ‌്സിഡിയില്ലാതെ തന്നെ മാർക്കറ്റ‌് വിലയേക്കാൾ കുറച്ച‌് സാധനം നൽകാൻ കഴിയുന്നത‌് പർച്ചേസിങ്ങിൽ ഏർപ്പെടുത്തിയ പരിഷ‌്കാരം കൊണ്ടാണ‌്.
3466 ഓണച്ചന്തകളാണ‌് ഇക്കുറി സംഘടിപ്പിച്ചത‌്. കൺസ്യുമർഫെഡിലെത്തുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തി. കാഷ്യു എക‌്സ‌്പോർട്ട‌് പ്രമോഷൻ കൗൺസിൽ ഗോഡൗണുകളിൽ നടത്തുന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് വിതരണക്കാർ എത്തിക്കുന്ന സാധനങ്ങൾ വാങ്ങുന്നത‌്. പരിശോധനയിൽ ഗുണനിലവാരം ഇല്ല എന്നു കണ്ടെത്തിയ സാധനങ്ങൾ തിരിച്ചയക്കുന്നുണ്ട‌്. പ്രളയക്കെടുതിയായിട്ടും ഈ ഓണക്കാലത്ത‌് കഴിഞ്ഞവർഷത്തേക്കാൾ വിറ്റുവരവുണ്ടായി. കഴിഞ്ഞ വർഷം 100 കോടിയായിരുന്നത‌് ഇക്കുറി 134 കോടിയായി വർധിച്ചു.
ടെൻഡറിൽ കുറഞ്ഞ നിരക്ക‌് നൽകിയ ഏജൻസിക്കാണ‌് ചെറുപയറിന‌് ഓർഡർ നൽകിയത‌്. എന്നാൽ അവർ നൽകിയ ചെറുപയർ ഗുണനിലവാരം ഇല്ല എന്ന‌് കണ്ടെത്തിയതിനെ തുടർന്ന‌് ടെൻഡറിലെ തൊട്ടടുത്ത ഏജൻസിക്ക‌് ഓർഡർ നൽകി. വെളിച്ചെണ്ണയുടെ വിതരണത്തിനും ടെൻഡറിൽ പങ്കെടുത്ത കേരഫെഡിനും സഹകരണസംഘങ്ങൾക്കുമാണ‌് മുൻഗണന നൽകിയത‌്. ആവശ്യമായ വെളിച്ചെണ്ണയുടെ 70 ശതമാനവും സഹകരണസംഘങ്ങളിൽനിന്നാണ‌് വാങ്ങിയത‌്.
ത്രിവേണി സൂപ്പർ മാർക്കറ്റുകൾക്കാവശ്യമായ എല്ലാ സാധനങ്ങളും കേന്ദ്രീകൃത വാങ്ങൽപ്രക്രിയ വഴി വാങ്ങാൻ കഴിയില്ല. ഇതിനായി മേഖലാ പർച്ചേസ‌് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട‌്. വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും പർച്ചേസ‌് നടപടി സുതാര്യമാക്കാനും കൃത്യമായ നടപടി സ്വീകരിച്ചാണ‌് കമ്മിറ്റി മുന്നോട്ടുപോകുന്നതെന്നും എം മെഹബൂബ് പറഞ്ഞു. അഡ‌്മിനിസ‌്ട്രേറ്റീവ‌് കമ്മിറ്റി അംഗങ്ങളായ പി എം ഇസ‌്മയിൽ, കെ വി കൃഷ‌്ണൻ, എംഡി ഇൻചാർജ‌് എ സഹദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2R3pTPi
via IFTTT
No comments:
Post a Comment