തിരുവനന്തപുരം > സ‌്ത്രീപീഡനക്കേസുകളിൽ ആരോപണവിധേയർ എത്ര ഉന്നതനായാലും ദാക്ഷിണ്യമില്ലെന്ന സിപിഐ എമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും കാർക്കശ്യ നിലപാടിന്റെ സാക്ഷ്യപത്രമാണ‌് ഫ്രാങ്കോ മുളയ‌്ക്കലിന്റെ അറസ്റ്റ‌്. കന്യാസ‌്ത്രീയുടെ പരാതി കിട്ടിയതുമുതൽ അറസ്റ്റുവരെയുള്ള നാൾവഴി കണ്ണോടിച്ചാൽ ഇതിന്റെപേരിൽ സമരരംഗത്തുവന്നവരുടെ ദുരുദ്ദേശ്യം ബോധ്യമാകും. 2018 ജൂൺ 27നാണ‌് ബിഷപ്പിനെതിരെ പരാതിയുമായി കന്യാസ‌്ത്രീ പൊലീസിനെ സമീപിച്ചത‌്. പിറ്റേദിവസംതന്നെ എഫ‌്ഐആർ രജിസ്റ്റർ ചെയ‌്തു. കുറവിലങ്ങാട‌് പൊലീസ‌് സ‌്റ്റേഷനിലെ വനിതാ കോൺസ്റ്റബിളിന‌് അന്ന‌് നൽകിയ ഏഴുപേജുള്ള മൊഴിയിൽ കന്യാസ‌്ത്രീ വെളിപ്പെടുത്തിയ കാര്യങ്ങൾക്ക‌് അടിസ്ഥാനമായ തെളിവ‌് ശേഖരിക്കുന്നതിനുള്ള ശ്രമമാണ‌് പിന്നീട‌് പൊലീസ‌് നടത്തിയത‌്. അതിന്റെ പരിസമാപ‌്തിയിലാണ‌് ബിഷപ്പിന്റെ അറസ്റ്റ‌്.
നിയമപരമായ മുൻകരുതലും ശാസ‌്ത്രീയമായ തെളിവ‌് ശേഖരണവും നടത്തിയ ഘട്ടത്തിൽ ഒരിക്കൽപ്പോലും അതിന‌് വിഘാതമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന‌് കേസ‌് ഡയറി സാക്ഷ്യപ്പെടുത്തും. അന്വേഷണത്തിൽ പൊലീസിന‌് പൂർണസ്വാതന്ത്ര്യം നൽകിയതിന്റെ ഫലമായാണ‌് ഉന്നതസ്ഥാനീയനായ കുറ്റവാളിയെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാനായത‌്.
പൊലീസിനെ സമീപിക്കുന്നതിന‌് മാസങ്ങൾക്കുമുമ്പ‌് കന്യാസ‌്ത്രീ സഭയുടെ ഭാഗമായ മദർ സുപ്പീരിയറിന‌് പരാതി നൽകിയിരുന്നു. 2017 മാർച്ച‌് 26ന‌് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ മദർ സുപ്പീരിയർ കുറവിലങ്ങാട‌് മഠത്തിലെത്തി തെളിവെടുപ്പും നടത്തി. ബിഷപ്പിനെ പ്രതിക്കൂട്ടിലാക്കിയ റിപ്പോർട്ട‌് സഭയുടെ ഉന്നതർക്ക‌് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ബിഷപ്പിനെ രക്ഷിക്കാനുള്ള നീക്കങ്ങളാണ‌് അണിയറയിൽ അരങ്ങേറിയത‌്. അനുരഞ്ജന നീക്കങ്ങളുമായി ചില മുതിർന്ന വൈദികർതന്നെ രംഗത്തിറങ്ങി. ബിഷപ്പ‌് തൽസ്ഥാനത്ത‌് ഒന്നരവർഷം തുടർന്നു. ഒടുവിൽ പൊലീസ‌് ചോദ്യംചെയ്യൽ അന്തിമഘട്ടത്തിലെത്തുകയും അറസ്റ്റ‌് അനിവാര്യമെന്ന‌് ബോധ്യപ്പെടുകയും ചെയ‌്തപ്പോഴാണ‌് സ്ഥാനചലനം സംഭവിച്ചത‌്.
2014 മെയ‌് അഞ്ചിനാണ‌് കുറവിലങ്ങാട‌് മഠത്തിൽവച്ച‌് ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കൽ കന്യാസ‌്ത്രീയെ പീഡിപ്പിച്ചത‌്. ചാലക്കുടിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിവസമാണ‌് ബിഷപ‌് മഠത്തിൽ എത്തിയത‌്. പീഡനം നടന്നതിന‌് അടുത്തദിവസം കന്യാസ‌്ത്രീയുടെ കുടുംബത്തിലെ ഒരു ചടങ്ങിലും ബിഷപ‌് പങ്കെടുത്തിരുന്നു. അന്ന‌് രാത്രിയും പീഡനം അരങ്ങേറി. മദർ സുപ്പീരിയർ നടത്തിയ അന്വേഷണത്തിൽ ഇതെല്ലം തെളിഞ്ഞിരുന്നു. എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോഴാണ‌് കന്യാസ‌്ത്രീ നീതിതേടി പൊലീസിനെ സമീപിച്ചത‌്.
പരാതി കിട്ടി 90 ദിവസത്തിനകം ബിഷപ‌് അറസ്റ്റിലാകുകയുംചെയ‌്തു. സർക്കാരും പൊലീസും ഇരയ‌്ക്കൊപ്പമാണെന്ന‌് ആവർത്തിച്ച‌് വ്യക്തമാക്കിയിട്ടും ചില കോണുകൾ മനഃപൂർവം നെറ്റി ചുളിക്കുകയായിരുന്നു. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട‌് കന്യാസ‌്ത്രീകളിൽ ചിലർ സമരരംഗത്ത‌് വന്നപ്പോൾ അവിടെയും ‘സംശയാലുക്കൾ’ പാഞ്ഞെത്തി. ബിഷപ്പിനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന‌് വരുത്താനായിരുന്നു അവരുടെ ശ്രമം. മദർ സുപ്പീരിയറിന്റെ റിപ്പോർട്ടിൽ ഒന്നരവർഷം നടപടിയെടുക്കാതിരുന്നപ്പോൾ ഇക്കൂട്ടരെ കണ്ടില്ല. കന്യാസ‌്ത്രീ സമരത്തെ സർക്കാർ വിരുദ്ധ സമരമാക്കാനുള്ള കുറുക്കുവഴികളാണ‌് തൽപ്പരകക്ഷികൾ തേടിയത‌്. ആകെ ഇളകിമറിയുമെന്ന പ്രതീക്ഷയും അത‌് നടക്കാതെവന്നപ്പോഴുള്ള നിരാശയുമാണ‌് ആരോപണത്തിന‌് പിന്നിലെന്ന‌് വ്യക്തം.
ബിഷപ‌് നിയമത്തിനുമുന്നിൽ വരുമെന്ന വ്യക്തമായ സൂചന കിട്ടിയപ്പോഴാണ‌് ചിലർ സമരരംഗത്ത‌് തലനീട്ടിയത‌്. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താനായി ജലന്ധറിലേക്ക‌് പോയ പൊലീസ‌് സംഘത്തെ അവിടെ തടയുകയും മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ‌്തിരുന്നു. അതിന്റെ തനിയാവർത്തനമാണ‌് സമരത്തിന്റെപേരിൽ ഒരുവിഭാഗം ഇവിടെ നടത്തിയത‌്. തെളിവ‌് ശേഖരിക്കുന്നത‌് തടയാൻ കഴിയുമോയെന്നായിരുന്നു ഇവരുടെ നോട്ടം.
from Kerala || Deshabhimani Online News https://ift.tt/2ONeDFi
via IFTTT
No comments:
Post a Comment