തൃശൂർ >കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ഫലമായി മണ്ണിലെ വായു അറകൾ അടഞ്ഞു. മണ്ണിന്റെ മുകൾതട്ടിൽ ചെളിയുണങ്ങി കട്ടപ്പിടിച്ചതോടെയാണ് വായുസഞ്ചാരമില്ലാതായത്. ഇതോടെ വേരുകൾ നശിച്ച് കാർഷിക വിളകളിൽ രോഗബാധ വ്യാപകമായി. കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ പ്രളയബാധിതപ്രദേശങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇതേത്തുടർന്ന് അടിയന്തരമായി മണ്ണിനെ വീണ്ടെടുക്കാനും ജൈവഘടകങ്ങൾ പരിപോഷിപ്പിക്കുന്നതിനും കീടങ്ങളെ തടയാനുമുള്ള മാർഗരേഖ കാർഷിക സർവകലാശാല വിജ്ഞാനവ്യാപന വിഭാഗം പുറത്തിറക്കി.
പ്രളയംമൂലം പല കൃഷിയിടങ്ങളിലും ചെളി അടിഞ്ഞുകൂടി. മണ്ണിൽ ഉൾക്കൊള്ളാവുന്നതിലധികം വെള്ളം ചെന്നതോടെ മണ്ണിലെ സുക്ഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തുപോയി. മണ്ണിലെ വായു അറകളും അടഞ്ഞു. അത് വേരോട്ടത്തേയും ജല ആഗിരണശേഷിയേയും ദോഷകരമായി ബാധിച്ചു. വെള്ളക്കെട്ടുമൂലം സൂക്ഷ്മാണുക്കളുടെ എണ്ണവും കുറഞ്ഞു. മണ്ണിലെ നൈട്രജൻ, പൊട്ടാസിയം എന്നീ മൂലകങ്ങൾ നഷ്ടപ്പെട്ടതായും കാർഷിക സർവകലാശാല പഠനത്തിൽ കണ്ടെത്തി. ജാതിയിലെ ഇലകരിച്ചിൽ, കമുകിലെ മഹാളി, വാഴയിലെ മാണ അഴുകൽ, നെൽകൃഷിയിൽ ഇല കരിയൽ, ഏലത്തിൽ അഴുകൽ, തെങ്ങിന്റെ കൂമ്പുചീയൽ, കുരുമുളകിന്റെ മഞ്ഞളിപ്പ് തുടങ്ങീ രോഗങ്ങൾ പ്രളയാനന്തരം വ്യാപകമായതായും കണ്ടെത്തി.
കർഷകർക്ക് ഇവയെ തടയാനുള്ള മാർഗനിർദേശങ്ങളടങ്ങിയ വീഡിയോ സർവകലാശാല വിജ്ഞാനവ്യാപനവിഭാഗം പുറത്തിറക്കി. എല്ലാ പ്രളയമേഖലകളിലും ഇത് കർഷകർക്ക്മുന്നിൽ പ്രദർശിപ്പിക്കും. ഓരോ രോഗത്തിന്റെയും ലക്ഷണങ്ങളും പ്രതിരോധമാർഗങ്ങളും പ്രത്യേകമായി ഒരു മിനിറ്റിൽ അവതരിപ്പിക്കുകയാണ്. മണ്ണിൽ വായുസഞ്ചാരം ഉറപ്പാക്കാനുള്ള ശാസ്ത്രീയമുറകളും രോഗപ്രതിരോധ ലായനികളുണ്ടാക്കുന്നവിധവും പ്രദർശിപ്പിക്കുന്നതിനാൽ കർഷകർക്ക് ഏറെ സഹായകമാണ്. വീഡിയോദൃശ്യങ്ങൾ കർഷകരുടെ മൊബൈലുകളിലേക്ക് നവമാധ്യമങ്ങൾ വഴി നൽകിയും പ്രചരിപ്പിക്കുന്നുണ്ട്. കൃഷിഭവൻ ഓഫീസർമാർക്കും ജീവനക്കാർക്കും ഇത് കൈമാറി.
മണ്ണിലെ വായുസഞ്ചാരം തിരിച്ചുപിടിക്കാൻ വേരുകൾക്ക് ക്ഷതം സംഭവിക്കാതെ മണ്ണ് ഇളക്കികൊടുക്കണമെന്നതാണ് പ്രധാന നിർദേശം. മണ്ണിലെ നൈട്രജൻ, പൊട്ടാസിയം എന്നി മൂലകങ്ങൾ വീണ്ടെടുക്കാൻ 19:19:19പോലെയുള്ള വളങ്ങൾ വെള്ളത്തിൽ കലക്കി തളിക്കണം. വേരിനെ വീണ്ടെടുക്കാൻ പച്ച ചാണകത്തിന്റെ തെളി 100 ലിറ്ററെടുത്ത് ഒരുകിലോ ട്രൈക്കോഡർമ ചേർത്ത് ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കാം. ട്രൈക്കോഡർമ സമ്പുഷ്ടചാണകം ഇട്ടുകൊടുക്കുന്നതും നല്ലതാണ്.
നെല്ലിൽ ഇലകരിച്ചിൽ തടയാൻ ബ്ലീച്ചിങ് പൗഡർ കിഴികെട്ടി ഇടലും സ്ട്രെപ്റ്റോസൈക്ലിൻ വെള്ളത്തിൽ കലക്കി തെളിക്കുന്നതും നല്ലതാണ‌്. തെങ്ങിന്റെ കുമ്പ് ചീയുമ്പോൾ മണ്ടവൃത്തിയാക്കണം. ബോർഡോ കുഴമ്പോ, കോപ്പർ ഓക്സിക്ലോറൈഡ് എന്ന കുമിൾനാശിനിയോ തേച്ച് കൊടുക്കണം. മറ്റിടങ്ങളിൽ രോഗം വരാതിരിക്കാൻ മാങ്കോസെബ് പ്ലാസ്റ്റിക് കവറിലാക്കി മണ്ടയിൽ വക്കണം. തോട്ടങ്ങളിലെ നീർവാർച്ച ഉറപ്പാക്കണം.
ബോർഡോ മിശ്രിതം, കോപ്പർ ഓക്സിക്ലോറൈഡ്, കോപ്പർ ഹൈഡ്രോക്സൈഡ് എന്നിവ യഥാക്രമം വെള്ളത്തിൽ കലക്കി ഇലകളിലും കായ്കളിലും തളിച്ചാൽ രോഗബാധകൾ തടയാം. തടങ്ങളിൽ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണെന്ന് കാർഷിക സർവകലാശാല വിജ്ഞാനവ്യാപന വിഭാഗം അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Nwez00
via IFTTT
No comments:
Post a Comment