ആലപ്പുഴ > ‘കേരളം അതിശയിപ്പിക്കുന്നു, സുരക്ഷിതയാത്രയിൽ മനോഹരമായ കാഴ‌്ചകൾ’–പ്രളയക്കെടുതിയിൽനിന്ന‌് കരകയറുന്ന കേരളത്തിലേക്ക‌് വിരുന്നെത്തിയ ബ്രിട്ടീഷ‌് യാത്രാസംഘത്തിലെ ബ്രിജിത്ത‌് ഹൈസ‌്‌ലോപ്പിന‌് കേരളം കണ്ട‌് കൊതിതീരുന്നില്ല. ആരോഗ്യം അനുവദിച്ചാൽ ഒരിക്കൽക്കൂടി വരണമെന്നുണ്ട‌് എഴുപതുകാരിയായ ഹെസ‌്‌ലോപ്പിന‌്.
പുരവള്ളത്തിലിരുന്ന‌് വേമ്പനാട്ടുകായലിലെ വശ്യമനോഹരകാഴ‌്ചകളും കുട്ടനാടൻ ഗ്രാമീണഭംഗിയും ആവോളം നുകർന്നായിരുന്നു സംഘത്തിന്റെ യാത്ര. ഹെസ‌്‌ലോപ്പിനേപ്പോലെ സമപ്രായക്കാരും കുറെക്കൂടി മുതിർന്നവരുമടങ്ങുന്ന ബ്രിട്ടീഷ‌് വിനോദസഞ്ചാരികളുടെ ആദ്യ കേരളാസന്ദർശനമാണ‌്. ഒപ്പമുണ്ടായിരുന്ന അമാൻഡയും റോസ‌്ഗോവ‌്സ‌്കിയും കാണാക്കാഴ‌്ചകൾക്കൊപ്പം നാട്ടുകാരുടെ സ‌്നേഹപ്രകടനങ്ങളെക്കുറിച്ചും വാചാലരായി. മൂന്നാർ അതിമനോഹരമെന്നായിരുന്നു പെനലോയുടെ അഭിപ്രായം.
ബ്രിട്ടനിലെ സർക്കാർ സർവീസിൽനിന്ന‌് വിരമിച്ചവരും ബിസിനസുകാരുമടങ്ങുന്ന 21 അംഗ സംഘമാണ‌് ഏതാനും ദിവസം മുമ്പ‌് കേരളത്തിലെത്തിയത‌്. തിരുവനന്തപുരം കണ്ടശേഷം മൂന്നാറിലേക്കായിരുന്നു ഇവരുടെ യാത്ര. ചൊവ്വാഴ‌്ച ആലപ്പുഴയിലെത്തിയ സംഘം പ്രധാനമായും പുരവള്ളയാത്ര ആസ്വദിച്ചു. പ്രളയക്കെടുതിക്കുശേഷം ബ്രിട്ടനിൽനിന്ന‌് എത്തുന്ന രണ്ടാമത്തെ യാത്രാസംഘമാണിത‌്. നേരത്തെ നിശ‌്ചയിച്ച ഞങ്ങളുടെ യാത്ര പ്രളയക്കെടുതിമൂലം മാറ്റിവയ‌്ക്കുകയായിരുന്നെന്ന‌് ടീം ലീഡറും ബ്രിട്ടീഷ‌് റിട്ട. മജിസ‌്ട്രേട്ടുമായ കൻവിൽജിത്ത‌് സിങ‌് പറഞ്ഞു. പഞ്ചാബിൽനിന്ന‌് ബ്രിട്ടനിലേക്ക‌് 1957ൽ കുടിയേറിയതാണ‌് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. പ്രളയസമയത്ത‌് കേരളത്തെക്കുറിച്ച‌് കിട്ടിയ വിവരങ്ങളെല്ലാം ഭയപ്പെടുത്തുന്നതായിരുന്നു. ടൂർ ഓപ്പറേറ്റർമാരും യാത്രകൾ ആസൂത്രണംചെയ്യാൻ മടിച്ചു. ഇവിടെ വന്നപ്പോഴാണ‌് അറിഞ്ഞത‌് കേരളം സുരക്ഷിതമെന്ന‌്– സിങ‌് പറഞ്ഞു.
14ന‌് ബംഗളുരുവിലെത്തിയ സംഘം മൈസൂരു, കബനി, ഊട്ടി, മധുരയും സന്ദർശിച്ചശേഷമായിരുന്നു മൂന്നാറിലെത്തിയത‌്. ആലപ്പുഴയിൽനിന്ന‌് കൊച്ചിയിലേക്ക‌് യാത്രതിരിച്ച സംഘം 28ന‌് മടങ്ങും. തിരുവനന്തപുരത്തെ ട്രാവൽ ഏജൻസിയായ ജയശ്രീ ടൂർ കമ്പനിയാണ‌് സംഘത്തിന്റെ യാത്ര ക്രമീകരിച്ചത‌്. പ്രളയത്തിനുശേഷം കേരളത്തിലെ ടൂറിസം ഉണർന്നതിന‌് തെളിവായി വിദേശികളടക്കം സഞ്ചാരികൾ വന്നുതുടങ്ങി. ഈ സീസണിലെ ആദ്യ ചാർട്ടേഡ‌് വിമാനത്തിൽ കഴിഞ്ഞയാഴ‌്ച ഓസ‌്ട്രേലിയ, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ള 50 അംഗസംഘം കേരളത്തിലെത്തിയിരുന്നു. അവരും ആലപ്പുഴ സന്ദർശിച്ചാണ‌് മടങ്ങിയത‌്.
from Kerala || Deshabhimani Online News https://ift.tt/2R2XsAM
via IFTTT
No comments:
Post a Comment