തിരുവനന്തപുരം > പ്രളയത്തിൽ താറുമാറായ റോഡുകൾ ഉൾപ്പെടെയുള്ള ആസ്തികളുടെ പുനർനിർമാണത്തിനും അറ്റകുറ്റപ്പണിക്കും കൂടുതൽ പണം വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക‌് പ്രത്യേക അനുമതി. വികസന ഫണ്ടിൽനിന്ന‌് പഞ്ചായത്തുകൾക്ക‌് 40 ശതമാനംവരെയും ബ്ലോക്ക‌് പഞ്ചായത്തുകൾക്ക‌് 35 ശതമാനംവരെയും ജില്ലാ പഞ്ചായത്തുകൾക്ക‌് 50 ശതമാനംവരെയും നഗരസഭകൾക്ക‌് 55 ശതമാനംവരെയും ഉപയോഗിക്കാം. നിലവിൽ പശ‌്ചാത്തല മേഖലക്ക‌് അനുവദിച്ചതിൽ പത്ത‌് മുതൽ 15 ശതമാനംവരെ കൂടുതൽ തുകയാണ‌് ഇതുവഴി ലഭിക്കുക. ഈ സാമ്പത്തിക വർഷത്തേക്ക‌് മാത്രമാണ‌് പ്രത്യേക അനുമതി. ആവശ്യമെങ്കിൽ നോൺ റോഡ‌് മെയിന്റനൻസ‌് ഫണ്ടിൽനിന്ന‌് 40 ശതമാനംവരെ റോഡ‌് മെയിന്റനൻസിന‌് ഉപയോഗിക്കാനും അനുമതി നൽകി.
തദ്ദേശ സ്ഥാപനങ്ങൾക്ക‌് കീഴിലുള്ള തകർന്ന റോഡുകളുടെ പട്ടിക തയ്യാറാക്കി വരികയാണ‌്. പഞ്ചായത്ത‌് പ്രസിഡന്റ‌്, വികസന സ്‌റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ, എൻജിനീയർ, സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ‌് തയ്യാറാക്കുന്നത‌്. ഇതിൽ അടിയന്തര സ്വഭാവമുള്ളവ 2018 ‐19 വാർഷിക പദ്ധതിയുടെ ഭാഗമാക്കി പുനർനിർമിക്കും. അല്ലാത്ത റോഡുകൾ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തും.
പുനർനിർമാണത്തിനും അറ്റകുറ്റപ്പണിക്കും ഫണ്ടിന്റെ ദൗർലഭ്യം നേരിടുന്നത‌് മറികടക്കാനാണ‌് പശ‌്ചാത്തല മേഖലക്ക‌് കൂടുതൽ ഫണ്ട‌് അനുവദിക്കുന്നത‌്. നിലവിൽ പഞ്ചായത്തുകൾക്ക‌് 30 ശതമാനവും ബ്ലോക്ക‌് പഞ്ചായത്തുകൾക്ക‌് 25 ശതമാനവും ജില്ലാ പഞ്ചായത്തുകൾക്ക‌് 45 ശതമാനവും നഗരസഭകൾക്ക‌് 50 ശതമാനവുമാണ‌് പശ‌്ചാത്തല മേഖലക്കുള്ള വിഹിതം.
തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകൾ ഉൾപ്പെടെയുള്ള ആസ‌്തികളുടെ നിർമാണം അതാത‌് തദ്ദേശസ്ഥാപനമാണ‌് നടത്തേണ്ടത‌്. എന്നാൽ, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആസ‌്തികൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കുവേണ്ട വിഹിതം ബ്ലോക്ക‌് ‐ജില്ലാ പഞ്ചായത്തുക ഗ്രാമപഞ്ചായത്തുകൾക്ക‌് കൈമാറാൻ അനുമതി നൽകി.
മതിയായ വിഹിതം പഞ്ചായത്തുകൾക്ക‌് ലഭ്യമല്ലെങ്കിൽ അവരുടെ സമ്മതത്തോടെ മാത്രം ബ്ലോക്ക‌്‐ ജില്ലാ പഞ്ചായത്തുകൾക്ക‌് റോഡ‌് ഉൾപ്പെടെയുള്ള ആസ‌്തികളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തി ഏറ്റെടുക്കാം. എന്നാൽ, ബ്ലോക്ക‌് ‐ജില്ലാ പഞ്ചായത്തുകൾ നടപ്പാക്കുന്ന പദ്ധതികളുടെ അടങ്കൽ തുകയ്‌ക്ക‌് നിശ‌്ചയിച്ച 10 ലക്ഷമെന്ന കുറഞ്ഞ പരിധിയും റോഡുകൾക്കുണ്ടാകേണ്ട ആറുമീറ്റർ കുറഞ്ഞ വീതിയും ഈ പ്രവൃത്തികൾക്ക‌് നടപ്പ‌് സാമ്പത്തിക വർഷം ബാധകമല്ല.
ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ളതിന്റെ എസ‌്റ്റിമേറ്റ‌് തയ്യാറാക്കുന്നതിന‌് ആവശ്യത്തിന‌് ഉദ്യോഗസ്ഥരില്ലെന്ന പ്രശ‌്നം തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്നുണ്ട‌്. ഇത‌് മറികടക്കാൻ എൻജിനീയറിങ‌് ബിരുദധാരികളെ 30 ദിവസത്തേക്ക‌് കരാർ ‐ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചു. ഉത്തരവ‌് അടുത്ത ദിവസമിറങ്ങും.
from Kerala || Deshabhimani Online News https://ift.tt/2paOwg9
via IFTTT
No comments:
Post a Comment