കൊച്ചി
‘‘ഞാൻ നൽകുന്നു മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക‌് ഒരുമാസത്തെ ശമ്പളം. നിങ്ങളെയും ചലഞ്ച‌് ചെയ്യുന്നു’’– കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളുടെ ഫെയ‌്സ‌്ബുക്കിൽ ‘വീ ഷാൽ ഓവർകം’ എന്ന ഹാഷ‌്ടാഗിൽ പരക്കുകയാണ‌് ഇൗ ചലഞ്ച‌്. കൊച്ചി ഇൻഫോപാർക്കിൽമാത്രം ഇതിനകം 1500 പേർ ‘വെല്ലുവിളി’ ഏറ്റെടുത്തു. ഇനിയും കൂടുതൽ പേർ പങ്കാളികളാകും.
ഇൻഫോപാർക്കിലെ പ്രോഗ്രസീവ‌് ടെക്കീസ‌് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ച ചലഞ്ച‌് കഴിഞ്ഞയാഴ‌്ച തിരുവനന്തപുരം ടെക‌്നോപാർക്കിലെ ടെക്കികളും ഏറ്റെടുത്തു. കോഴിക്കോട‌്, കൊരട്ടി പാർക്കുകളിലുള്ളവരും അടുത്തദിവസങ്ങളിൽ ചലഞ്ച‌് ഏറ്റെടുക്കുമെന്ന‌് പ്രോഗ്രസീവ‌് ടെക്കി ഇൻഫോപാർക് സെക്രട്ടറി അനിഷ‌് പന്തലാനി പറഞ്ഞു.
ഓരോ മാസവും മൂന്നുദിവസത്തെ ശമ്പളം നൽകി പത്തുമാസംകൊണ്ട‌് ചലഞ്ച‌് പൂർത്തിയാക്കാനാണ‌് നൂറോളം കമ്പനികൾ പ്രവർത്തിക്കുന്ന ഇൻഫോപാർക്കിലെ ടെക്കികളുടെ തീരുമാനം. ഫെയ‌്സ‌്ബുക്കുവഴിയാണ‌് ഇവർ ചലഞ്ച‌് ഏറ്റെടുത്തത‌്. ദുരിതാശ്വാസനിധിയിലേക്ക‌് ഓൺലൈനായി പണം അടച്ചശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ‌് ഡൗൺലോഡ‌് ചെയ‌്ത‌്, അതടക്കം അടുത്ത അഞ്ചോ പത്തോ സുഹൃത്തുക്കളെ ചലഞ്ച‌് ചെയ‌്ത‌് പോസ‌്റ്റ‌് ടാഗ‌് ചെയ്യുന്നതാണ‌് രീതി. ഓൺലൈനായി പണം അടയ‌്ക്കാനുള്ള ലിങ്കിന്റെ യുആർഎൽ അടക്കമാണ‌് പോസ‌്റ്റ‌്. ചലഞ്ച‌് സ്വീകരിച്ചവർ പണം അടച്ച‌് സർട്ടിഫിക്കറ്റ‌് സഹിതം അടുത്ത സുഹൃത്തുക്കളെ ചലഞ്ച‌് ചെയ്യുന്നു. പ്രോഗ്രസീവ‌് ടെക്കി വളന്റിയർ രജിത‌് രാമചന്ദ്രനാണ‌് ചലഞ്ചിന‌് തുടക്കമിട്ടത‌്. ഇൻഫോപാർക്കിൽനിന്നുമാത്രം പത്തുകോടി രൂപ നൽകാനാകുമെന്നാണ‌് പ്രതീക്ഷയെന്ന‌് അനീഷ‌് പന്തലാനി പറഞ്ഞു.
എറണാകുളത്തെ പ്രളയ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. പ്രോഗ്രസീവ‌് ടെക്കികളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം വളന്റിയർമാരാണ‌് ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെട്ടത‌്. ഇൻഫോപാർക്കിലെ വിവിധ കമ്പനികളും ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന നൽകി. പ്രളയ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപ്പാവ നിർമാണവും ഏറ്റെടുത്തു. 10,000 പാവകൾ വിറ്റുകിട്ടുന്ന പണം പ്രളയത്തിൽ തകർന്ന ചേന്ദമംഗലത്തെ കൈത്തറി സൊസൈറ്റി അംഗങ്ങൾക്ക‌് കൈമാറും.
from Kerala || Deshabhimani Online News https://ift.tt/2N25XZZ
via IFTTT
No comments:
Post a Comment