കണ്ണൂർ
ആകാശത്തേക്ക‌് കണ്ണ‌് നട്ടിരുന്ന നൂറുകണക്കിനാളുകളുടെ ആഹ്ലാദാരവങ്ങളിലേക്ക‌് എയർ ഇന്ത്യ എക‌്സ‌്പ്രസിന്റെ ആദ്യയാത്രാവിമാനം പറന്നിറങ്ങി. കേരളത്തിന്റെ തനതുകലകളായ കഥകളിയും നൃത്തവും ആലേഖനം ചെയ്ത എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും പുതിയ വിമാനം കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ തൊട്ടപ്പോൾ ഹർഷാരവം ഉയർന്നു. വ്യാഴാഴ‌്ച പതിനൊന്നരയോടെയാണ് വിമാനം ലാന്റ് ചെയ്തത്.
തിരുവനന്തപുരത്തുനിന്ന് രാവിലെ പത്തിന് പുറപ്പെട്ടബോയിങ‌് 737 ‐800 ജി വിടി ജിഎച്ച്കെ ശ്രേണിയിൽപ്പെട്ട വിമാനം 11നു മുമ്പ് വിമാനത്താവളത്തിന് മുകളിൽ പറന്നു പരിശോധന ആരംഭിച്ചു. ആറ് തവണ കിഴക്ക്പടിഞ്ഞാറുഭാഗങ്ങളിലായി താഴ്ന്നു പറന്നു. അതിനുശേഷമാണ് റൺവെയിൽ ലാന്റ് ചെയ്തത്. റൺവേയിൽ സ്ഥാപിച്ച ഉപകരണങ്ങൾ, സിഗ്നൽ സംവിധാനങ്ങൾ, വിമാനം എയ‌്റോബ്രിഡ്ജുമായി ഡോക്ക് ചെയ്യൽ, വിമാനത്തിൽനിന്നുള്ള വിമാനത്താവളത്തിന്റെ ദൃശ്യപരത എന്നിവയാണ് എയർപോർട്ട് അതോറിറ്റിയുടെ നിർദേശപ്രകാരം എത്തിയ വിമാനം പരിശോധിച്ചത്. വെള്ളിയാഴ്ച രാവിലെ ഇൻഡിഗോയുടെ ഇടത്തരം വിമാനം പരീക്ഷണപറക്കലിന് എത്തും.
കണ്ണൂർ വിമാനത്താവളം സാങ്കേതികമികവുള്ളതാണെന്നും സംവിധാനങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും കൃത്യമായ സിഗ്നൽ ലഭിച്ചതായും വിമാനം പറത്തിയ സീനിയർ പൈലറ്റ് എ ശ്രീനിവാസറാവു പറഞ്ഞു. അനുകൂല റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ ഭൂപ്രകൃതിയും സംവിധാനങ്ങളും ആകാശക്കാഴ്ചയിൽ അതിമനോഹരവും അവർണനീയവുമാണെന്ന് സഹപൈലറ്റ് അരവിന്ദ്കുമാറും സീനിയർ ക്യാബിൻ ഉദ്യോഗസ്ഥ സെയിന മോഹനും പറഞ്ഞു.
രണ്ട് ദിവസത്തെ ഡിജിസിഎ പരിശോധന വിജയകരമായിരുന്നുവെന്നും അവരിൽനിന്ന് അനുകൂല പ്രതികരണമാണുണ്ടായതെന്നും കിയാൽ എംഡി വി തുളസീദാസ് പറഞ്ഞു. അടുത്ത ദിവസം ലൈസൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര വിമാനത്താവളമായതിനാൽ ഇനിയും പരിശോധനകൾ പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യയാത്രാവിമാനത്തെ ജലാഭിവാദ്യം നൽകിയാണ് കിയാൽ അധികൃതർ വരവേറ്റത്.
from Kerala || Deshabhimani Online News https://ift.tt/2psSVv6
via IFTTT
No comments:
Post a Comment