മനാമ
യുഎഇയിൽനിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള നിരക്ക് 50 ശതമാനംവരെ വർധിപ്പിച്ച എയർ ഇന്ത്യ നടപടിയിൽ കടുത്ത പ്രതിഷേധം. എംബസി നിർദേശടിസ്ഥാനത്തിൽ സൗജന്യമായി മൃതദേഹം കൊണ്ടുപോകുന്നതും എയർ ഇന്ത്യ നിർത്തിവച്ചു.
ഒരു മൃതദേഹം നാട്ടിലെത്തിക്കാൻ കിലോയ‌്ക്ക‌് 17 ദിർഹമായിരുന്നു (ഏതാണ്ട‌് 335 രൂപ) നേരത്തെ നിരക്ക്. അതാണ് 30 ദിർഹംവരെയാക്കി (ഏതാണ്ട‌് 592 രൂപ) ഉയർത്തിയത്. പെട്ടിയുടെ തൂക്കത്തിനും പണം കൊടുക്കണം. നേരത്തെ ഒരു മൃതദേഹം കേരളത്തിലേക്ക് അയക്കാൻ 2000 ദിർഹം (ഏതാണ്ട് 39,524 രൂപ) മതിയായിരുന്നെങ്കിൽ വർധിപ്പിച്ച നിരക്ക് പ്രകാരം 4000 ദിർഹം (ഏതാണ്ട് 79,000 രൂപ) വേണ്ടിവരും. മൃതദേഹം എത്തുന്ന വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ‌് ഫീ, സുരക്ഷാ ഫീസ് എന്നിവ പുതുക്കിയ നിരക്കിൽ ഉൾപ്പെടില്ല. ഇതും എംബാമിങ്ങുംകൂടി ആയാൽ 1,50,000 രൂപ വരും.
നിരക്കു വർധന എയർ ഇന്ത്യക്കും എയർ ഇന്ത്യാ എക‌്സ‌്പ്രസിനും ബാധകമാണ‌്. കോഴിക്കോട്ടേക്ക് 28.85 ദിർഹം, കൊച്ചിയിലേക്ക് 29.08 ദിർഹം, ചെന്നൈ, ഹൈദരാബാദ‌് എന്നിവിടങ്ങളിലേക്ക‌് 27.20 ദിർഹം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എന്നാൽ, ഡൽഹിയിലേക്ക് 19.10 ദിർഹവും മുംബൈയിലേക്ക് കിലോക്ക് 16.60 ദിർഹവും മാത്രമാണ് നിരക്ക്.
അതേസമയം, നേരത്തെ നൽകിയ 50 ശതമാനം ഇളവ് റദ്ദാക്കുകമാത്രമാണ് ചെയ്തതെന്ന് എയർ ഇന്ത്യ അവകാശപ്പെട്ടു. അയാട്ടയുടെ എയർ കാർഗോ താരിഫിന് അനുസൃതമായാണ് ഇപ്പോഴത്തെ മാറ്റമെന്ന‌് എയർ ഇന്ത്യ വിശദീകരിച്ചു. ഇന്ത്യൻ എംബസി ആവശ്യപ്രകാരം നിർധനരായ പ്രവാസികളുടെ മൃതദേഹം സൗജന്യമായി കൊണ്ടുപോകുന്നതും നിർത്തിയതായി എയർ ഇന്ത്യ അറിയിച്ചു.
എന്നാൽ, എയർ ഇന്ത്യ വാദം ശരിയല്ലെന്ന് സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കി. എമിറേറ്റ്സ് അടക്കമുള്ള എയർലൈനുകൾ പഴയ നിരക്കുകൾതന്നെയാണ് ഈടാക്കുന്നതെന്നും അവർ പറഞ്ഞു. പലപ്പോഴും സംഘടനകൾ പിരിവെടുത്തും മറ്റുമാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നത്. കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവരാണെങ്കിൽ പലപ്പോഴും കമ്പനികൾതന്നെ ചെലവ‌് വഹിക്കും. എന്നാൽ, പാവങ്ങളുടെ മൃതദേഹം മോർച്ചറികളിൽ കിടക്കും. അവ സാമൂഹ്യപ്രവർത്തകരും സംഘടനകളും ഇടപെട്ടാണ് അയക്കാറ്. ഇന്ത്യക്കാരുടെ മൃതദേഹം പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ സൗജന്യമായി കൊണ്ടുപോകണമെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ് എയർ ഇന്ത്യ ഇളവ് എടുത്തുകളഞ്ഞത്.
from Kerala || Deshabhimani Online News https://ift.tt/2xZYKnG
via IFTTT
No comments:
Post a Comment