കൊച്ചി
പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പ‌് ആരംഭിച്ചിട്ടുണ്ട‌്. എന്നാൽ, കാലടി ശങ്കരാചാര്യ സംസ‌്കൃത സർവകലാശാലയിലെ ചുവർചിത്ര വിഭാഗം മേധാവി സാജു തുരുത്തിലിനുണ്ടായ നഷ്ടത്തിന്റെ മൂല്യം കണക്കെടുപ്പുകൾക്കും അളവുകൾക്കും അപ്പുറമാണ‌്. അത‌് സാജു തുരുത്തിൽ എന്ന കലാകാരന്റെ മാത്രം നഷ്ടവുമല്ല. ഇന്ത്യൻ ചുവർചിത്രകലയുടെ നഷ്ടംകൂടിയാണ‌് അതെന്നറിയുമ്പോഴാണ‌് ദുരന്തത്തിന്റെ ആഴം വ്യക്തമാവുക.
കേരളത്തിലെ ആദ്യത്തെ റസിഡൻഷ്യൽ ആർട്ട‌് ഗ്യാലറിയാണ‌് സാജു തുരുത്തിലിന്റെ കാലടിയിലെ ഭവനമായ ‘കലയും മനസ്സും’ (ആർട്ട‌് ആൻഡ‌് മൈൻഡ‌്). 20 വർഷം മുമ്പ‌് വീടിന്റെ രണ്ടാം നിലയിലാണ‌് സാജു ആർട്ട‌് ഗ്യാലറി ഒരുക്കുന്നത‌്. ചുവർചിത്രങ്ങളും ചിത്രച്ചുരുളുകളും ഫർണിച്ചറിലുള്ള പെയിന്റിങ്ങുകളും അടക്കം അറുപതിലധികം ചിത്രങ്ങളുടെ ശേഖരം. വിവിധ രാജ്യങ്ങളിൽനിന്നുള്ള ചുവർചിത്ര പഠിതാക്കളും കലാസ‌്നേഹികളും വന്നുപോയ ഇടം. പ്രളയം കവർന്നത‌് 30 വർഷത്തിലധികമായി സാജു തുരുത്തിൽ എന്ന ചുവർചിത്രകലാകാരൻ ശേഖരിച്ച കലാ സമ്പാദ്യങ്ങൾ കുടിയാണ‌്.
ഗുരു മമ്മിയൂർ കൃഷ‌്ണൻകുട്ടിനായർ 80 വർഷം മുമ്പു വരച്ച ചിത്രം പ്രളയമെടുത്തു എന്നതാണ‌് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്ന‌് സാജു തുരുത്തിൽ പറയുന്നു. ആ ചിത്രം സാജുവിന്റെ കൈയിൽ എത്തിയതുതന്നെ നിയോഗം പോലെയായിരുന്നത്രേ. ഫ്രാൻസിൽനിന്ന‌് കേരളത്തിലെത്തിയ ലൂബ ഷീൽഡ‌് എന്ന കലാകാരിക്ക‌് തന്റെ ഗുരു സമ്മാനിച്ച ചിത്രം. 40 വർഷത്തെ കേരളവാസം അവസാനിപ്പിച്ച‌് മടങ്ങുമ്പോൾ അവർ ഇവിടെനിന്ന‌് തനിക്ക‌് ലഭിച്ചതെല്ലാം ഒരു നാടിന്റെ കൂടി സമ്പത്താണ‌് എന്ന ഉന്നത ചിന്തയിൽ ഇവിടെത്തന്നെ തിരിച്ചേൽപ്പിച്ചാണ‌് മടങ്ങിയത‌്. അക്കൂട്ടത്തിൽ അവർ ഏറെ വിലമതിക്കുന്ന ആ ചിത്രം സാജു തുരുത്തിലിനും നൽകി. ആ ചിത്രമാണ‌് ഇപ്പോൾ പ്രളയം കവർന്നെടുത്തത‌്. സാജു തുരുത്തിലിന്റെ തന്നെ രചനകളായ രാമായണവും മുഗൾ ചരിതവും അടക്കം 240 അടിയുള്ള രചനകളും പ്രളയം കേടുപാട‌് വരുത്തിയതിൽ ഉൾപ്പെടുന്നു.
തന്റെ ആർട്ട‌് ഗ്യാലറി കൊച്ചി മുസിരിസിന്റെ ഭാഗമായി പറവൂരിലേക്ക‌് മാറ്റി സ്ഥാപിക്കാൻ സാജു തീരുമാനിച്ചിരുന്നു. പറവൂരിൽ പെരിയാറിന്റെ തീരത്ത‌് അതിനായി കെട്ടിടമടക്കം എല്ലാം തയ്യാറാക്കിയിരുന്നു. ആഗസ‌്ത‌് 19ന‌് ഗ്യാലറി കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ പറവൂരിൽ ആരംഭിക്കാനിരിക്കുകയായിരുന്നു. ആർട്ടിസ‌്റ്റ‌് റസിഡൻസി എന്നു പേരിട്ട ആ ഭവനത്തിൽ അന്ന‌് പെരിയാർ ‘പ്രവേശനം നടത്തി’യെന്ന‌് സാജുവിന്റെ വാക്കുകൾ. കെട്ടിടത്തിൽ മുക്കാൽ അടിയോളം ഉയരത്തിൽ ചെളി അവശേഷിപ്പിച്ചാണ‌് പ്രളയജലം പിൻവാങ്ങിയതെന്ന‌് സാജു പറയുന്നു.
തന്റെ കലാ ജീവിതത്തിൽ നേടിയ സമ്പാദ്യങ്ങൾ, പുരസ‌്കാരങ്ങൾ, യാത്രചെയ‌്ത സ്ഥലങ്ങളിൽനിന്ന‌് ശേഖരിച്ച ചിത്രങ്ങൾ, വിലപ്പെട്ട ലേഖനങ്ങൾ എല്ലാം പ്രളയം കവർന്നെന്നു പറയുമ്പോഴും ആകെയുണ്ടായിരുന്ന സമ്പാദ്യവും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട സാധാരണക്കാരെ ഓർത്താണ‌് തന്റെ വിങ്ങലെന്ന‌് സാജു പറയുന്നു. തന്റെ സ്വപ‌്നപദ്ധതിയായ പറവൂരിലെ ആർട്ടിസ‌്റ്റ‌് റസിഡൻസി ആറു മാസത്തിനുള്ളിൽ പ്രാവർത്തികമാകുമെന്ന ഉറച്ച വിശ്വാസത്തിലും തയ്യാറെടുപ്പിലുമാണ‌് ഇൗ കലാധ്യാപകൻ.
from Kerala || Deshabhimani Online News https://ift.tt/2CIDzfs
via IFTTT
No comments:
Post a Comment