ബാർ കോഴക്കേസിൽ അന്വേഷണം തുടരണമെന്ന വിജിലൻസ‌് കോടതി ഉത്തരവിലൂടെ ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നത‌് യുഡിഎഫിന്റെ അഴിമതിരാഷ‌്ട്രീയം. കഴിഞ്ഞ യുഡിഎഫ‌് സർക്കാരിൽ ഭരണതലപ്പത്തുള്ളവർ മത്സരിച്ച‌് നടത്തിയ അഴിമതി പരമ്പരകളിൽ ഒന്നുമാത്രമാണ‌് ബാർ കോഴ.
2014‐ 15 സാമ്പത്തിക വർഷത്തേക്ക‌് ബാറുകൾക്ക‌് ലൈസൻസ‌് പുതുക്കി നൽകുന്നതിൽനിന്ന‌് 412 ബാറിനെ ഒഴിവാക്കിയയിടത്ത‌് തുടങ്ങുന്നതാണ‌് ബാർ കോഴ. ലൈസൻസ‌് പുതുക്കി നൽകാൻ ഭരണതലപ്പത്തുള്ളവർ മത്സരിച്ച‌് കോഴ ചോദിച്ചു. 730 ബാറുണ്ടായിരുന്നതിൽ കോഴ നൽകിയത‌് ഉൾപ്പെടെ 318 ബാറിനുമാത്രം ലൈസൻസ‌് പുതുക്കി നൽകി.
നിലവാരമില്ലെന്ന‌് പറഞ്ഞാണ‌് ബാക്കി 412 എണ്ണത്തിന‌് ലൈസൻസ‌് നിഷേധിച്ചത‌്. ഇവയ‌്ക്ക‌് ലൈസൻസ‌് നൽകാൻ ഭരണതലപ്പത്തുള്ളവർ കാശിനായി ലേലം വിളിക്കുകയും മത്സരിക്കുകയുമായിരുന്നു. ഇത‌് വിവാദമായപ്പോഴാണ‌് ഫൈവ‌്സ‌്റ്റാർ ഒഴികെ ബാറുകൾ പൂട്ടി യുഡിഎഫ‌് തടിയൂരിയത‌്. ഇതോടെയാണ‌് ബാറുടമ ബിജു രമേശ‌് മാണിക്കെതിരെ രംഗത്തുവന്നത‌്. തുടർന്ന‌് സിപിഐ എമ്മും എൽഡിഎഫും നടത്തിയ ചരിത്രപരമായ പോരാട്ടത്തിനൊടുവിലാണ‌് മാണിക്ക‌് രാജിവയ‌്ക്കേണ്ടി വന്നത‌്.
മാണി യുഡിഎഫ‌് വിട്ടപ്പോഴും സിപിഐ എമ്മും എൽഡിഎഫും വ്യക്തമായ നിലപാട‌് സ്വീകരിച്ചു. അതേസമയം, മാണിയെ ചാക്കിട്ട‌് പിടിക്കാനായിരുന്നു ബിജെപി ശ്രമിച്ചത‌്. യുഡിഎഫ‌് ആകട്ടെ തിരിച്ചെത്തിക്കാനും. ഒടുവിൽ മാണി പഴയ അഴിമതി ലാവണത്തിൽ അഭയം തേടി. മാണി ചാഞ്ചാടിനിന്ന ഈ കാലയളവിലെല്ലാം എൽഡിഎഫും സിപിഐ എമ്മും പറഞ്ഞു‐മാണിയുടെ മുന്നണി പ്രവേശനമോ അനുബന്ധ കാര്യങ്ങളോ ചർച്ച ചെയ്യേണ്ടതില്ല. അതേസമയം മാണിക്കും മറ്റ‌് യുഡിഎഫ‌് നേതാക്കൾക്കുമെതിരെ ബാർ കോഴയുമായി ഉൾപ്പെടെ ഉയർന്ന ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ സത്യസന്ധവും നീതീപൂർവവും സുതാര്യവുമായ അന്വേഷണമാണ‌് എൽഡിഎഫും സിപിഐ എമ്മും ആവശ്യപ്പെട്ടത‌്. കേസ‌് എഴുതിത്തള്ളരുതെന്നും അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട‌് എൽഡിഎഫിനുവേണ്ടി കൺവീനർ എ വിജയരാഘവൻ കോടതിൽ ഹർജി നൽകി. എൽഡിഎഫിന്റെയും സിപിഐ എമ്മിന്റെയും നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ‌് കോടതി ഉത്തരവ‌്.
വീണ്ടും അന്വേഷണം നടക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും എക‌്സൈസ‌് മന്ത്രി കെ ബാബുവും ഉൾപ്പെടെയുള്ളവരുടെ പങ്കുകൂടി ചർച്ചയാവുകയാണ‌്. വീണ്ടും ബാർ കോഴക്കേസ‌് ഉയർന്നുവരുമ്പോൾ ജനങ്ങളുടെ മനസ്സിലെത്തുന്നത‌് യുഡിഎഫ‌് കാലത്തെ കെട്ടഭരണത്തെ കുറിച്ചുള്ള ഓർമകളാണ‌്. സോളാർ തട്ടിപ്പ‌്, ശതകോടികളുടെ ഭൂമി സ്വന്തക്കാർക്ക‌് പതിച്ചുനൽകൽ തുടങ്ങി അഴിമതി പരമ്പരകളിൽ ഒരറ്റം മാത്രമാണ‌് ബാർ കോഴ.
from Kerala || Deshabhimani Online News https://ift.tt/2MKXdXR
via IFTTT
No comments:
Post a Comment