കുറെ സിനിമകളിൽ ഒപ്പം അഭിനയിച്ചതിന്റെ ഓർമകളല്ല, പച്ച മനുഷ്യന്റെ നിഷ്കളങ്ക മനസ്സ് തൊട്ടറിഞ്ഞ നേരനുഭവമാണ് ക്യാപ്റ്റൻ രാജു. ആകാരഭംഗികൊണ്ടും അഭിനയചാരുതകൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച നടൻ എന്നതിനൊപ്പം ആകാരവും സ്വഭാവവും തമ്മിൽ സാദൃശ്യമില്ലെന്ന് ബോധ്യമാക്കിയ വ്യക്തിത്വം. ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന ആ നന്മ അടുത്തറിഞ്ഞതിന്റെ അനുഭവം മറക്കാനാവില്ല. പി ജി വിശ്വംഭരൻ സംവിധാനംചെയ്ത ഒരു സിനിമാ ലൊക്കേഷനിലാണ് ക്യാപ്റ്റനെ പരിചയപ്പെടുന്നത്. നിന്റെ ജ്യേഷ്ഠസഹോദരനാണ് ഞാൻ‐ അന്ന് കരംഗ്രഹിച്ച് പറഞ്ഞ വാക്കുകൾ.
അമിതാഭ് ബച്ചന്റെ ശരീരപ്രകൃതിയും ശബ്ദഗാംഭീര്യവുമുള്ളൊരാൾ മലയാളസിനിമയിലേക്ക് വരുന്നു എന്നാണ് ക്യാപ്റ്റനെക്കുറിച്ച് ആദ്യംകേട്ടത്. പരിചയപ്പെട്ടപ്പോൾ മനസ്സിലായി ശരീരപ്രകൃതിയും സ്വഭാവവും തമ്മിൽ ബന്ധമില്ലെന്ന്. കുട്ടികളുടെ മനസ്സ്. നിഷ്കളങ്ക പ്രകൃതം. അക്കാലത്ത് ഇറങ്ങിയ സിനിമാമാസികയിൽ ക്യാപ്റ്റന്റെയും രൂപസാദൃശ്യമുള്ള മറ്റൊരാളുടെയും രണ്ട് ചിത്രം വന്നു. ഇരുവരും തമ്മിൽ ഒരുബന്ധവുമില്ല. സെവൻ ആർട്സ് വിജയകുമാർ എന്നായിരുന്നു അപരന്റെ പേര്. ക്യാപ്റ്റൻ ഓമല്ലൂർകാരനും വിജയകുമാർ ഓച്ചിറക്കാരനും. രണ്ടും ഒരാൾതന്നെ എന്ന മട്ടിലായിരുന്നു പ്രചാരണം. ഇക്കാര്യമറിഞ്ഞ ക്യാപ്റ്റൻ എന്നോട് ചോദിച്ചു‐ ശരിയാണോ ഈ പ്രചരിക്കുന്നത്. നൂറുശതമാനം ശരിയാണെന്ന് ഞാൻ. വിജയകുമാറിനെ എനിക്കറിയാം. എന്നെ ക്യാപ്റ്റൻ വിശ്വസിച്ചു. പിന്നെ ചോദിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞു, സംഗതി സത്യമാണ്. ഞാൻ തന്നെയല്ലേ ഇതെന്ന് ആലോചിച്ച് ഒന്നുരണ്ടുതവണ എനിക്കുപോലും തെറ്റിയെന്ന് ക്യാപ്റ്റനും ഒരവസരത്തിൽ പറഞ്ഞു. ഞാൻ ഇതൊരു കഥയാക്കി അവതരിപ്പിച്ചു. ആ കോമഡി ലൊക്കേഷനിൽ ഹിറ്റായി. ആദ്യഘട്ടം ക്യാപ്റ്റനും ആസ്വദിച്ചു. എന്നാൽ, തമാശരൂപേണ പ്രചരിച്ച കഥ പിന്നീട് പലരും ക്രൂരഫലിതമാക്കി മാറ്റി. ഉപകഥകളും പ്രചരിച്ചു. എന്റെ പേരിലായിരുന്നു ഇതെല്ലാം. ഇതറിഞ്ഞ ക്യാപ്റ്റൻ എന്നോട് തിരക്കി. മുന്നിൽ പറയുന്നതാണ് തമാശയെന്നും അത് മാത്രമെ ഞാൻ ചെയ്തുള്ളൂവെന്നും അല്ലാത്തത് പരദൂഷണമാണെന്നും കൂട്ടിച്ചേർത്തു. ക്യാപ്റ്റനെതിരെ ഇറങ്ങുന്ന കഥകൾക്ക് പിന്നിൽ ഞാനല്ലെന്ന് ഒരു സിനിമാവാരികയിലൂടെ അറിയിച്ചാണ് തെറ്റിദ്ധാരണയ്ക്ക് തിരശ്ശീലയിട്ടത്.
.jpg)
അന്തരിച്ച നടൻ രതീഷും ക്യാപ്റ്റനും ഞാനും ഒരുമിച്ച് പങ്കുവച്ച മറ്റൊരു സംഭവം ആ നിഷ്കളങ്കതയുടെ മാറ്റ് കൂട്ടുന്നു. ചെന്നൈയിൽ ഷൂട്ടിങ്ങിനിടെ രതീഷ് എന്റെയടുത്ത് എത്തി, “എന്ത് കഷ്ടം, എന്താ ചെയ്യേണ്ടത്’ എന്ന് അസ്വസ്ഥനായി. കാര്യം തിരക്കിയപ്പോൾ ക്യാപ്റ്റനാണ് വിഷയം. ഇനി എങ്ങനെ അദ്ദേഹത്തെ അഭിമുഖീകരിക്കും എന്നായിരുന്നു രതീഷിന്റെ പ്രശ്നം. ഷൂട്ടിങ്ങിനിടെ ഒരുദിവസം ക്യാപ്റ്റനേയും ഭാര്യ പ്രമീളയെയും രതീഷ് രാത്രിഭക്ഷണത്തിന് ക്ഷണിച്ചു. രതീഷ് ഭാര്യ ഡയാനയോട് വിവരം പറയാൻ മറന്നു. പറഞ്ഞദിവസം വൈകിട്ട് ആറിന് ക്യാപ്റ്റൻ രതീഷിനെ ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. നിർമാതാവ് ലിബർട്ടി ബഷീർ വിളിച്ചപ്പോൾ രതീഷ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ഏഴരയ്ക്ക് ക്യാപ്റ്റൻ ഭാര്യയേയുംകൂട്ടി രതീഷിന്റെ വീട്ടിലെത്തിയപ്പോൾ ആള് സ്ഥലത്തില്ല. പറയാതിരുന്നതിനാൽ രതീഷിന്റെ ഭാര്യ ഭക്ഷണം തയ്യാറാക്കിയിരുന്നില്ല.
ഒരുമണിക്കൂർ കാത്ത് മടങ്ങിയ ക്യാപ്റ്റനും ഭാര്യയും അന്ന് പട്ടിണിയിലായ വിവരം രതീഷ് പിറ്റേദിവസമാണ് അറിഞ്ഞത്. അതിന് പരിഹാരമായി രണ്ടാംതവണ നടത്തിയ ശ്രമവും കൂട്ടക്കുഴപ്പമായതിന്റെ അസ്വസ്ഥതയുമായാണ് രതീഷ് എത്തിയത്. ക്യാപ്റ്റനോട് ക്ഷമചോദിച്ച രതീഷ് ആദ്യ ദിവസത്തെ അബദ്ധത്തിന് പകരം ക്യാപ്റ്റന്റെ വീട്ടിൽ താനും ഭാര്യയുംകൂടി എത്താമെന്ന് പറഞ്ഞു. ഭക്ഷണം തങ്ങൾ കൊണ്ടുവരുമെന്നും ഒരുമിച്ച് കഴിക്കാമെന്നും പറഞ്ഞെങ്കിലും ക്യാപ്റ്റൻ സമ്മതിച്ചില്ല. നിങ്ങൾ എത്തിയാൽ മതി ഞാൻ വീട്ടിൽ ഭക്ഷണമൊരുക്കിക്കൊള്ളാം എന്നായി. അന്നും ലിബർട്ടി ബഷീറിന്റെ വിളിയിൽ രതീഷ് ക്യാപ്റ്റന് നൽകിയ ഉറപ്പ് മറന്നു. ഭക്ഷണം ഉണ്ടാക്കി ഒമ്പതുവരെ കാത്ത ക്യാപ്റ്റൻ രതീഷിനോടുള്ള പകയുമായാണ് ഉറങ്ങിയത്. അടുത്തദിവസം ലൊക്കേഷനിൽ എത്തുമ്പോൾ ക്യാപ്റ്റൻ കൈകാര്യം ചെയ്യുമെന്ന ഭയം രതീഷ് പങ്കുവച്ചു. അയാളെ രക്ഷിക്കാൻ ഞാൻ പോംവഴി കണ്ടെത്തി. കഴിഞ്ഞദിവസം നടന്ന കാര്യം ഞാൻ അറിഞ്ഞെന്ന് ക്യാപ്റ്റന്റെ മുന്നിലെത്തി പറഞ്ഞു. “രതീഷിനെ കാണുമ്പോൾ അങ്ങോട്ട് ചെന്ന് എനിക്കും ഭാര്യയ്ക്കും ഇന്നലെ ഒരബദ്ധം പറ്റി, പെട്ടെന്ന് പുറത്തേക്ക് പോകേണ്ടിവന്നു എന്ന് പറഞ്ഞാൽ അന്ന് ചേട്ടന് പറ്റിച്ചതിന് പകരംവീട്ടലാകും’ എന്ന് പറഞ്ഞപ്പോൾ ക്യാപ്റ്റൻ വിശ്വസിച്ചു. ഇതോടെ രതീഷിന്റെ തലവേദനയ്ക്ക് പരിഹാരമായി.
ഊട്ടിയിൽ ഗോൾ സിനിമയുടെ ലൊക്കേഷനിലുണ്ടായ അനുഭവം ക്യാപ്റ്റനുമായുള്ള വ്യക്തിബന്ധം ദൃഢമാക്കി. ഒരുദിവസം മേക്കപ്പ്റൂമിൽ ഞാനും ക്യാപ്റ്റനും കുറേനേരമുണ്ടായി. ഒരുകാര്യം പറയാനുണ്ടെന്ന് സൂചിപ്പിച്ച് അദ്ദേഹം വന്നപ്പോൾ പഴയ കണക്കുതീർക്കാനാണോയെന്ന് ഭയപ്പെട്ടു. വിരുദ്ധമായിരുന്നു അനുഭവം. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വിഷമമുണ്ടായെങ്കിൽ മാപ്പാക്കണം. എന്നെ ജ്യേഷ്ഠ സഹോദരനായി കാണണം. ഒരുനിമിഷം തരിച്ചിരുന്ന എന്റെ കണ്ണിൽനിന്ന് ആനന്ദാശ്രു പൊടിഞ്ഞു. ഞാനല്ലേ മാപ്പ് പറയേണ്ടത്. എന്റെ ജ്യേഷ്ഠസഹോദരനാണ് നിങ്ങൾ. നമ്മുടെ ബന്ധം സുദൃഢമായിരിക്കും. എംഎൽഎയായപ്പോൾ ക്യാപ്റ്റൻ എന്നെ വിളിച്ചു. നീ ജയിച്ചത് രാഷ്ട്രീയതന്ത്രജ്ഞതകൊണ്ടല്ല, നിന്റെ കുസൃതിയും നിഷ്കളങ്കതയും ജനങ്ങൾ ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നും പറഞ്ഞ് ആശംസനേർന്നു.
തയ്യാറാക്കിയത്:
ജയൻ ഇടയ്ക്കാട്
from Kerala || Deshabhimani Online News https://ift.tt/2NSWiJx
via IFTTT
No comments:
Post a Comment