തൃശൂർ
ദേശീയപാത മണ്ണുത്തി‐വടക്കഞ്ചേരി സെക്ഷനിൽ തുടർച്ചയായുള്ള അപകടമരണങ്ങളെത്തുടർന്ന് കരാർ കമ്പനിയായ കെഎംസിയുടെയും ദേശീയപാത അതോറിറ്റിയുടെയും പ്രതിനിധികളായ ഏഴുപേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. റോഡ് നിർമാണം പൂർത്തിയാക്കുന്നതിൽ ഗരുതരമായ അനാസ്ഥ തുടരുന്ന ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കുമെതിരെ നരഹത്യക്കു കേസെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ കഴിഞ്ഞ ദിവസം തൃശൂരിൽ ദേശീയപാതയുമായി ബന്ധപ്പട്ടു ചേർന്ന യോഗത്തിൽ പറഞ്ഞിരുന്നു. പീച്ചി പൊലീസാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത കരാർ കമ്പനിക്കും എൻഎച്ച്എഐക്കുമെതിരെ കേസെടുക്കണമെന്ന് കോടതിയുടെ നിർദേശവും ഉണ്ടായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 54 പേർ ഈ റൂട്ടിൽ വാഹനാപകടങ്ങളിൽ മരിച്ചു. മണ്ണുത്തി‐വടക്കഞ്ചേരി ആറുവരിപ്പാത പൊട്ടിപ്പൊളിഞ്ഞ് കുഴികളും ഗർത്തങ്ങളുമായി സഞ്ചാര യോഗ്യമല്ലാതായിട്ട് കാലങ്ങളായി. എന്നാൽ കരാർ വ്യവസ്ഥപ്രകാരമുള്ള അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിൽ ഗുരുതരമായ വീഴ്ചയാണ് കരാർ കമ്പനിയായ കെഎംസി നടത്തിയിരുന്നത്. ഇതിന് ദേശീയപാത അതോറിറ്റി അധികൃതരും കൂട്ടുനിൽക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നരഹത്യക്കു കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
കരാർ കമ്പനി ഡയറക്ടർമാരായ വിക്രം മെഗാപതി റെഡ്ഡി, അമതലു ശ്രീരാമലു, ദേശീയപാത അതോറിറ്റി ചെയർമാൻ യുദ്ധവീർ സിങ്, ദേശീയപാത അതോറിറ്റി ഡയറക്ടർ അത്തുണ്ണി രമേഷ്, പ്രോജക്ട് ഡയറക്ടർ പി കെ സുരേഷ്, പ്രോജക്ട് എൻജിനിയർ എ ബി അജിത്കുമാർ, സുപ്പർ വൈസർ രാജേഷ് ശ്രീനിവാസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
മനഃപൂർവമല്ലാത്ത നരഹത്യ, പൊതു നിരത്തിൽ ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷം സൃഷ്ടിക്കൽ, പൊതു വഴിയിൽ തടസ്സമുണ്ടാക്കൽ, ജീവന് അപായമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കൽ, ജീവന് ഭീഷണി തുടങ്ങിയ കുറ്റങ്ങൾക്ക് ഐപിസി 304, 278, 283, 336, 337, 338, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. തെളിയിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണിത‌്.
എല്ലാ വാഹനാപകടങ്ങൾ ഉണ്ടായപ്പോഴും പൊലീസ് സ്വാഭാവികമായ കേസെടുത്തിട്ടുണ്ട്. എന്നാൽ അപകടങ്ങൾക്ക് ഉത്തരവാദി കരാർ കമ്പനിയും എൻഎച്ച്എയുമാണെന്ന പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പ്രതികൾക്കെതിരായ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അസി. കമീഷ്ണർ വി കെ രാജുവും പീച്ചി എസ്ഐ ഷാജഹാനും പറഞ്ഞു. റോഡിന്റെ ശോചാവസ്ഥ പരിഹരിക്കാത്ത കരാർ കമ്പനിക്കും എൻഎച്ച്എഐക്കുമെതിരെ കേസെടുക്കണമെന്ന് കോടതിയുടെ നിർദേശവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2R45Lg0
via IFTTT
No comments:
Post a Comment