“ഒറ്റമരത്തിൻ ചില്ലയിലെങ്കിലും എത്രകാടിൻ അകലം പകുത്തുനാം’ എന്ന വരികൾ ഈ നാട്ടുമാവിന്റെ കാര്യത്തിൽ ഇങ്ങനെ ചൊല്ലാം. “ഒറ്റമരത്തിൻ തടിയിലെങ്കിലും എത്ര രുചികളുടെ അകലം പകുത്തുനാം’. അതെ, ഒരു മരത്തിൽ ഏഴ‌് രുചികളുള്ള മാമ്പഴക്കാലത്തിന‌് കാത്തിരിക്കുകയാണ‌് മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ബഡ്ഡിങ് വിഭാഗം ജീവനക്കാരൻ ഭൂദാനം ചെമ്മിനിക്കിര ആർ ശിവന്റെ കൂട്ടുകാർ.
ഏഴുതരം ചില്ലകൾ, ഇലകൾ, പൂക്കൾ, അത്രയും സുഗന്ധങ്ങളും നിറക്കൂട്ടും ഒറ്റത്തടിയിൽ വിരിയുന്ന കൗതുകക്കാലമാണ‌് ഗ്രാഫ്റ്റിങിൽ (ഒട്ടിക്കൽ) ശിവന്റെ കരവിരുതറിയുന്ന അവരുടെ മനസ്സിൽ. ഒറ്റമാവിൽ ഏഴ‌് രുചിഭേദങ്ങളുടെ ജീവകോശങ്ങൾ ഒട്ടിച്ചെടുത്ത ശിവന്റെ ഗ്രാഫ‌്റ്റിങിലെ ക്രാഫ‌്റ്റ‌് കാണേണ്ടതാണ്. പ്രധാനമരത്തിൽ നാട്ടുമാങ്ങ കൂടാതെ ചിറ്റൂർ, ഹൈബ്രിഡ് 87 (എച്ച് 87), സുവർണരേഖ, ഹിമപസന്ത്, കാലാപാടി, ഗോമാവ് എന്നിവ ഈ മാവിൽ വിരിയും.
500 വർഷത്തിലധികം ആയുസ്സുള്ളതിനാലാണ് ഗ്രാഫ‌്റ്റിങ്ങിനായി നാട്ടുമാവ് തെരഞ്ഞെടുത്തതെന്ന് ശിവൻ പറഞ്ഞു. കേടില്ലാത്തതും പഴുത്ത് ചീയാത്തതുമായ ചിറ്റൂർ മാവാണ് നാട്ടുമാവിന്റെ തണ്ടിൽ (റൂട്ട് സ്‌റ്റോക്ക്) ആദ്യം ഗ്രാഫ്റ്റ‌് ചെയ്തത്. ജലാംശം കുറഞ്ഞതും പഴുത്താൽ നല്ല മധുരമുള്ളതുമായ എച്ച് 87–ആണ് അടുത്ത്. തൊട്ടുമുകളിൽ വലിയ കിളിച്ചുണ്ടൻ മാങ്ങപോലിരിക്കുന്ന സുവർണ രേഖ. ജലാംശം കൂടുതലായതിനാൽ ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഹിമപസന്താണ് അടുത്തത്. കുലയിൽ പത്തെണ്ണംവരെ കായ്ക്കുന്ന കലാപാടിയാണ് അതിനു മുകളിൽ. ഏറ്റവും മുകളിൽ നാടൻ ഇനം ഗോമാവ്. മരത്തിൽനിന്നുതന്നെ നന്നായി പഴുക്കുമെന്നതിനാൽ ഇവ നേരത്തെ പറിച്ച് പഴുപ്പിക്കേണ്ട.
ഏഴ് ഇനങ്ങളുടെ തണ്ട‌് തളിർത്ത് ഇലയും ചില്ലയുമായിട്ടും ശിവൻ പരീക്ഷണം നിർത്തുന്നില്ല. റുമേനിയ എന്ന വിദേശയിനംകൂടി ഗ്രാഫ്റ്റ‌് ചെയ്തിട്ടുണ്ട്. കുരുമുളക്, പ്ലാവ്, സപ്പോട്ട, കശുമാവ്, നാരകം, പേര, ചെറി, റമ്പുട്ടാൻ, മങ്കോസ്റ്റിൻ എന്നിവയുടെയെല്ലാം മുന്തിയ ഇനങ്ങൾ ശിവന്റെ നേൃത്വത്തിൽ ഇവിടെ ഗ്രാഫ‌്റ്റ‌് ചെയ്യുന്നുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2xRb7SX
via IFTTT
No comments:
Post a Comment